എറണാകുളം : കലക്‌ടറേറ്റിലെ വൈദ്യുത ബന്ധം പുനസ്ഥാപിച്ചു. കുടിശ്ശികയെ തുടര്‍ന്ന് കെഎസ്ഇബി ഫ്യൂസ് ഊരിയതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. കലക്‌ടർ എൻഎസ്കെ ഉമേശ് കെഎസ്ഇബി സിഎംഡിയുമായി നടത്തിയ ചർച്ചയെ തുടർന്നാണ് വൈദ്യുതി പുനസ്ഥാപിച്ചത്. ഓഫിസ് പ്രവർത്തന സമയത്തിന് മുൻപ് വൈദ്യുതിബന്ധം പുനസ്ഥാപിക്കാനായിരുന്നു ധാരണയായത് (Electricity Restored In Ernakulam Collectorate).
വൈദ്യുതി കുടിശ്ശിക മാർച്ച് 31 ന് മുമ്പ് തീർക്കാനും തീരുമാനമായി. ചൊവ്വാഴ്‌ച രാവിലെ പത്തര മണിയോടെയാണ് കലക്‌ടറേറ്റിന്‍റെ രണ്ടാം നിലയിലെ പതിനാല് വകുപ്പുകളുടെ ഓഫിസുകൾ പ്രവർത്തിക്കുന്ന ബ്ലോക്കിൻ്റെ ഫ്യൂസ് കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ഊരിയെടുത്തത്. വൈദ്യുതി ബില്‍ ഇനത്തിൽ നൽകാനുള്ള 42 ലക്ഷം രൂപ ഈ മാസം 19നുള്ളിൽ അടയ്ക്കാൻ നോട്ടിസ് നൽകിയിരുന്നു. എന്നാൽ കലക്‌ടറേറ്റ് അധികൃതർ ഇത് അവഗണിച്ചതോടെയാണ് കെഎസ്ഇബി നടപടികളിലേക്ക് കടന്നത്. ഇതോടെ കലക്‌ടറേറ്റിലെ പ്രധാന വകുപ്പുകളുടെ പ്രവർത്തനങ്ങൾ തടസപ്പെടുകയായിരുന്നു.
വൈദ്യുതി മുടങ്ങിയതോടെ ഇൻ്റർനെറ്റ് സേവനവും, കംപ്യൂട്ടറുകളും നിശ്ചലമായതോടെ ജീവനക്കാർ ലാപ്‌ടോപ്പുകളിലായിരുന്നു ജോലി ചെയ്‌തത്. മണിക്കൂറുകൾക്കകം ലാപ്‌ടോപ്പുകളുടെ ചാർജ് തീർന്നതോടെ ഓഫിസ് പ്രവർത്തനങ്ങള്‍ നിശ്ചലമായി. ശക്തമായ ചൂട് അനുഭവപ്പെടുന്ന സാഹചര്യത്തിൽ ഫാനില്ലാതെ ഓഫിസിലിരുന്ന് ജീവനക്കാർ വലഞ്ഞു.