തിരുവനന്തപുരം :സംസ്ഥാനത്ത് വേനൽച്ചൂട് കടുത്തതോടെ വൈദ്യുത ഉപയോഗം വർധിച്ചു (Electricity Consumption Has increased). വൈദ്യുതി ബോർഡിനെ പ്രതിസന്ധിയിലാക്കിയാണ് ഉപഭോഗം കുതിച്ചുയരുന്നത്. കറന്‍റ് ബിൽ കൂടുമോ എന്ന ആശങ്ക ഉയരുകയാണ്. ചൊവ്വാഴ്‌ചത്തെ (12-03-2024) വൈദ്യുതി ഉപയോഗം 10.13872 കോടി യൂണിറ്റായി വർധിച്ചിരുന്നു. തിങ്കളാഴ്‌ച (11-03-2024) 10.01 കോടി യൂണിറ്റ് ആയിരുന്നു വൈദ്യുതി ഉപയോഗം.
ചൊവ്വാഴ്‌ച പീക് ലോഡ് സമയത്തെ വൈദ്യുതി ആവശ്യം 5004 മെഗാവാട്ട് ആയി കുറഞ്ഞിരുന്നു. 5,031 മെഗാവാട്ട് ആയിരുന്നു തിങ്കളാഴ്‌ച. നിലവിലെ സാഹചര്യത്തിൽ അടുത്ത മാസം സ്ഥിതി കൂടുതൽ ഗുരുതരം ആകുമെന്നാണ് കണക്കുകൂട്ടൽ. നിലവിൽ പവർ എക്സ്ചേഞ്ചിൽ നിന്ന് ദിവസവും 15 മുതൽ 20 കോടി രൂപ വരെ നൽകി വൈദ്യുതി വാങ്ങിയാണ് ലോഡ് ഷെഡിങ് ഒഴിവാക്കുന്നത്.
7.94391 കോടി യൂണിറ്റ് ചൊവ്വാഴ്‌ച പുറത്തുനിന്ന് വാങ്ങിയപ്പോൾ സംസ്ഥാനത്തെ ജല വൈദ്യുതിയുടെ ഉത്പാദനം 1.9721 കോടി യൂണിറ്റ് മാത്രമായിരുന്നു. കേരളത്തിനുള്ള കേന്ദ്ര വിഹിതം 1600 മെഗാവാട്ടാണ്. വൈദ്യുത കരാറുകളിലൂടെ 1200 മെഗാവാട്ടും ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം 1600 മെഗാവാട്ടുമാണ്. അങ്ങനെ ആകെമൊത്തം 4400 മെഗാവാട്ട്.