തിരുവനന്തപുരം : ഇലക്‌ട്രിക് ബസ് വിവാദത്തിനിടെ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ ഇന്ന് കെഎസ്ആർടിസി ഉദ്യോഗസ്ഥരുമായി യോഗം ചേരും (Electric Bus controversy). രാവിലെ 10 മണിക്ക് മന്ത്രിയുടെ ചേംബറിലാണ് യോഗം ചേരുക. മന്ത്രി ആവശ്യപ്പെട്ട പ്രകാരം നഗരത്തിൽ സർവീസ് നടത്തുന്ന മുഴുവൻ ഇലക്‌ട്രിക് ബസുകളുടെയും വരവ് ചെലവ് കണക്കുകൾ ജോയിന്‍റ് മാനേജിങ് ഡയറക്‌ടർ പ്രമോജ് ശങ്കർ ഇന്ന് മന്ത്രിക്ക് നൽകും.
ഇലക്‌ട്രിക് ബസുകളുടെ 10 രൂപ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കുന്നതും യോഗത്തിൽ ചർച്ചയായേക്കും. റിപ്പോർട്ടിന്മേൽ നടത്തുന്ന ചർച്ചയിലാകും ഇനി ഇ ബസുകൾ വാങ്ങുമോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുക. ലാഭ നഷ്‌ട കണക്കുകൾ കൃത്യമായി വിലയിരുത്തിയ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുക. ഇലക്‌ട്രിക് ബസുകൾ ലാഭകരമല്ല. നഷ്‌ടത്തിലോടുന്ന ഇലക്‌ട്രിക് ബസുകൾ ഇനി വാങ്ങില്ലെന്നും കെ ബി ഗണേഷ് കുമാര്‍ പ്രഖ്യാപനം നടത്തിയിരുന്നു.
മാത്രമല്ല 10 രൂപ ടിക്കറ്റ് തുടരില്ലെന്നും മന്ത്രി അറിയിച്ചിരുന്നു. മന്ത്രിയുടെ ഈ നിലപാടാണ് വിവാദമായത്. എന്നാല്‍ മന്ത്രിയുടെ വാദങ്ങൾ തള്ളി കെഎസ്ആർടിസിയുടെ വാർഷിക റിപ്പോർട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. 2023 ഏപ്രിൽ മുതൽ ഡിസംബർ വരെയുള്ള കണക്കാണ് പുറത്തുവിട്ടത്. ഇലക്‌ട്രിക് ബസുകളിലൂടെ ഇക്കാലയളവിൽ 2.88 കോടി രൂപ ലാഭമുണ്ടാക്കിയതായി റിപ്പോർട്ടിൽ പറയുന്നു.