തിരുവനന്തപുരം: തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ താക്കീത്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരെ ഉന്നയിച്ച ആരോപണത്തെ തുടർന്നാണ് നടപടി. രാജീവ് ചന്ദ്രശേഖര്‍ പണം നല്‍കി സാമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നു എന്നായിരുന്നു ശശി തരൂർ ഉന്നയിച്ച ആരോപണം.
രാജീവ് ചന്ദ്രശേഖറിനെതിരെ തെളിവ് സമർപ്പിക്കാൻ ശശി തരൂരിനായില്ലെന്നും ആരോപണം തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും തെരഞ്ഞെടുപ്പ് കമ്മിഷൻ വിലയിരുത്തി. ഇത്തരം ആരോപണങ്ങൾ ആവർത്തിക്കരുതെന്ന് താക്കീത് ചെയ്‌ത കമ്മിഷന്‍, അഭിമുഖം ഇനി സംപ്രേഷണം ചെയ്യരുതെന്ന് സ്വകാര്യ ചാനലിന് നിർദേശം നൽകുകയും ചെയ്‌തു. ശശി തരൂരിന്‍റെ ആരോപണത്തിനെതിരെ ബിജെപി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിറ്റി ലീഗൽ സെൽ കൺവീനർ ജെ.ആർ.പത്മകുമാറും എൻഡിഎ തിരഞ്ഞെടുപ്പ് കമ്മിറ്റി ജില്ല കൺവീനർ വി.വി.രാജേഷുമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകിയത്.
'ഏകീകൃത സിവിൽ കോഡ് ശരിയായി മനസ്സിലാക്കിയ ശേഷമേ നല്ലതാണോ മോശമാണോ എന്ന് പറയാനാകൂ'- ശശി തരൂർ:ബിജെപിയുടെ പ്രകടന പത്രികയിൽ പറയുന്ന ഏകീകൃത സിവിൽ കോഡ് നമ്മൾ ശരിയായി മനസിലാക്കേണ്ടതുണ്ടെന്ന് ശശി തരൂർ. അതില്‍ പറഞ്ഞിരിക്കുന്നത് എന്താണെന്ന് അറിയാതെ നല്ലതാണോ മോശമാണോ എന്ന് പറയാനാവില്ലെന്നും തരൂര്‍ വ്യക്തമാക്കി.