എറണാകുളം : കൊച്ചിയിൽ മുസ്‌ലിം ലീഗ് കോൺഗ്രസ് ഉഭയകക്ഷി ചർച്ച. ലോക്‌സഭ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്ന മുസ്‌ലിം ലീഗിൻ്റെ ആവശ്യത്തെത്തുടർന്ന് രൂപപ്പെട്ട പ്രതിസന്ധിയുടെ സാഹചര്യത്തിലാണ് യോഗം. എറണാകുളം ഗസ്റ്റ് ഹൗസിൽ നടക്കുന്ന ചർച്ചയിൽ (League and Congress discussion )മുസ്‌ലിം ലീഗ് പ്രസിഡൻ്റ് സാദിഖലി ശിഹാബ് തങ്ങൾ, കെപിസിസി പ്രസിഡൻ്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവര്‍ ഉൾപ്പടെ ഇരുപാർട്ടികളുടെയും പ്രമുഖ നേതാക്കൾ പങ്കെടുക്കും.
യുഡിഎഫിലെ ഇരു പ്രബല പാർട്ടികളും തമ്മിൽ നടത്തുന്ന ചർച്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്. മൂന്ന് സീറ്റ് വേണമെന്ന ലീഗിന്‍റെ ആവശ്യമാണ് പ്രധാനമായും പരിഗണിക്കുന്നത്. ഘടകകക്ഷികളായ കേരള കോൺഗ്രസും ആർഎസ്‌പിയും അവരുടെ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. മൂന്നാം സീറ്റ് എന്ന ലീഗിന്‍റെ ആവശ്യത്തെ തുടർന്നാണ് കോൺഗ്രസിന്‍റെയും മുസ്‌ലിം ലീഗിന്‍റെയും സ്ഥാനാർത്ഥിനിർണയ ചർച്ചകൾ വഴിമുട്ടി നിൽക്കുന്നത്. രാഹുൽ ഗാന്ധി ഇല്ലെങ്കിൽ വയനാടോ, അല്ലെങ്കിൽ കണ്ണൂർ സീറ്റോ നൽകണമെന്നാണ് മുസ്‌ലിം ലീഗ് ആവശ്യപ്പെടുന്നത്.
മൂന്നാം സീറ്റെന്ന ആവശ്യത്തിന് അർഹതയുണ്ടെന്നും,എല്ലാ കാലങ്ങളിലും രണ്ട് സീറ്റിൽ മാത്രം ഒതുങ്ങി നിൽക്കാൻ കഴിയില്ലെന്നുമാണ് ലീഗ് വ്യക്തമാക്കുന്നത്. അല്ലാത്ത പക്ഷം തെരഞ്ഞെടുപ്പിൽ (Loksabha Election) ഒറ്റയ്ക്ക് മത്സരിക്കേണ്ടി വരുമെന്ന കടുത്ത നിലപാടിലേക്ക് ലീഗ് നീങ്ങുമെന്ന സൂചനകൾ പുറത്തുവന്നിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ ചർച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്.