കേരളം

kerala

ETV Bharat / state

കേരള കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാനം; വിദ്യാഭ്യാസം സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള മികച്ച ആയുധം, ബംഗാള്‍ ഗവർണർ - Central University of Kerala

ബിരുദദാന ചടങ്ങില്‍ സര്‍വ്വകലാശാലയ്ക്ക് അപ്രതീക്ഷിത സമ്മാനമായി അവാര്‍ഡുകളും ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ് പ്രഖ്യാപിച്ചു.

West Bengal Governor  Education  Central University of Kerala  Convocation
Education is the best weapon for social transformation says West Bengal Governor

By ETV Bharat Kerala Team

Published : Mar 11, 2024, 7:22 PM IST

കാസർകോട് :വിദ്യാഭ്യാസം സാമൂഹ്യ പരിവര്‍ത്തനത്തിനുള്ള ഏറ്റവും മികച്ച ആയുധമെന്ന് പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദ ബോസ്. കേരള കേന്ദ്ര സര്‍വകലാശാലയുടെ ഏഴാമത് ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശരിയായ സമയത്ത് ശരിയായ കാര്യങ്ങള്‍ ചെയ്യാന്‍ വിദ്യാഭ്യാസം ഒരാളെ പ്രാപ്‌തമാക്കണം. സ്വാതന്ത്ര്യവും ശാക്തീകരണവും സമ്പന്നതയുമാണ് വിദ്യാഭ്യാസം. സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനുള്ള ഭാവിയുടെ ഏജന്‍റുമാരാണ് ഇവിടെ നിന്നും ബിരുദം നേടിയിറങ്ങുന്ന ഓരോരുത്തരും. സ്ത്രീകളുടെ വിദ്യാഭ്യാസം ഏറെ പ്രധാനപ്പെട്ടതാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീകളുടെ വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിനും രാജ്യത്തിനും വിദ്യാഭ്യാസം നല്‍കുകയാണ് ചെയ്യുന്നത്. നാരീശക്തി രാജ്യത്തെ നയിക്കാന്‍ പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അക്കാദമിക് രംഗത്തെ സര്‍വകലാശാലയുടെ മുന്നേറ്റവും വികസന പ്രവര്‍ത്തനങ്ങളും സ്വാഗത പ്രസംഗത്തില്‍ വൈസ് ചാന്‍സലര്‍ ഇന്‍ ചാര്‍ജ്ജ് പ്രൊഫ. കെ.സി. ബൈജു വിവരിച്ചു.

ക്യാമ്പസില്‍ വിവേകാനന്ദ സര്‍ക്കിളിന് സമീപം പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിന് ആയിരത്തി അഞ്ഞൂറിലേറെപ്പേര്‍ സാക്ഷികളായി. 2023 ല്‍ പഠനം പൂര്‍ത്തിയാക്കിയ 957 വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദദാനം നടത്തി. 40 പേര്‍ക്ക് ബിരുദവും 843 പേര്‍ക്ക് ബിരുദാനന്തര ബിരുദവും 58 പേര്‍ക്ക് പിഎച്ച്ഡി ബിരുദവും 16 പേര്‍ക്ക് പിജി ഡിപ്ലോമാ ബിരുദവും നല്‍കി. തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ഗവര്‍ണര്‍ നേരിട്ട് വേദിയില്‍ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി. പരമ്പരാഗത വേഷത്തിലാണ് വിശിഷ്‌ടാതിഥികളും വിദ്യാര്‍ത്ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തത്. വെള്ള നിറത്തിലുള്ള വേഷത്തിന് പുറമെ വിവിധ നിറങ്ങളിലുള്ള ഷാളുകളും ചടങ്ങിന് മിഴിവേകി.


സര്‍വകലാശാലക്ക് അവാര്‍ഡുകള്‍; സര്‍പ്രൈസുമായി ഗവര്‍ണര്‍

ബിരുദദാന ചടങ്ങില്‍ സര്‍വ്വകലാശാലക്ക് അപ്രതീക്ഷിത സമ്മാനമായി അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് ഗവര്‍ണര്‍ ഡോ. സി.വി. ആനന്ദബോസ്. സര്‍വ്വകലാശാലയുടെ പ്രഥമ വൈസ് ചാന്‍സലര്‍ പ്രൊഫ. ജാന്‍സി ജെയിംസിനും മികച്ച വിദ്യാര്‍ത്ഥി, മികച്ച അധ്യാപകര്‍, മികച്ച ജീവനക്കാര്‍ എന്നീ വിഭാഗങ്ങളിലായി ബംഗാള്‍ രാജ്ഭവന്‍ നല്‍കുന്ന നാല് അവാര്‍ഡുകളാണ് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്. ആദ്യ വൈസ് ചാന്‍സലര്‍ക്കുള്ള അവാര്‍ഡിന് 50000 രൂപയും ഫലകവും പ്രശസ്‌തി പത്രവും നല്‍കും. മറ്റുള്ളതിന് 25000 രൂപയും ഫലകവും പ്രശസ്‌തി പത്രവും. അവര്‍ഡിന് അര്‍ഹരാവുന്നവരെ പിന്നീട് ജൂറി തീരുമാനിക്കും.

Also Read :കുന്നുകൂടി പരാതികൾ; കേരള സർവകലാശാല കലോത്സവം നിർത്തിവെയ്ക്കാൻ വിസിയുടെ നിർദേശം

ABOUT THE AUTHOR

...view details