തൃശൂര്‍: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പത്തു കോടിയുടെ സ്വത്തുക്കളും 50 ലക്ഷം രൂപയും കൂടി കണ്ടുകെട്ടിയതായി എൻഫോഴ്‌സ്മെന്‍റ് ഡയറക്‌ടറേറ്റ് അറിയിച്ചു. സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളുടെ നിർദേശപ്രകാരം കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ബിനാമി വായ്‌പകൾ വിതരണം ചെയ്‌തുവെന്നും, ഇവരില്‍ നിന്നും പാർട്ടിക്ക് സംഭാവനകൾ ലഭിച്ചതായും കണ്ടെത്തിയതായി ഇഡി കൊച്ചി യൂണിറ്റ് വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് ഇതുവരെ 128 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയെന്ന് ഇഡി അറിയിച്ചു. പുതുതായി കണ്ടുകെട്ടിയ സ്വത്തുക്കളിൽ സ്ഥലങ്ങളും കെട്ടിടങ്ങളും ഉൾപ്പെടുന്ന 24 സ്ഥാവര വസ്‌തുക്കളും 50.53 ലക്ഷം രൂപയുടെ ബാങ്ക് നിക്ഷേപങ്ങളും ഉൾപ്പെടുന്നുവെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
"കരുവന്നൂർ സർവീസ് സഹകരണ ബാങ്ക് ഭരണസമിതിയെ നിയന്ത്രിച്ചിരുന്ന സിപിഎം ജില്ലാ കമ്മിറ്റി അംഗങ്ങളുടെ നിർദേശപ്രകാരമാണ് ബിനാമി വായ്‌പകൾ വിതരണം ചെയ്‌തത്. ഇതിന് പ്രതിഫലമായി, ഗുണഭോക്താക്കളിൽ നിന്ന് ഭരണസമിതി വഴി സിപിഎം സംഭാവനയായി ഫണ്ട് സ്വീകരിച്ചു," എന്ന് ഇഡി ആരോപിച്ചു.
വ്യാജ വായ്‌പകള്‍ ബാങ്ക് പലതവണ അനുവദിച്ചതായി അന്വേഷണത്തിൽ കണ്ടെത്തിയതായി ഇഡി വ്യക്തമാക്കി. അതേസമയം, കേസിലെ രണ്ട് പ്രതികള്‍ക്ക് കഴിഞ്ഞ മാസം ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു
കേസിൽ പ്രതികൾ കുറ്റം ചെയ്‌തിട്ടില്ലെന്ന് കരുതാൻ മതിയായ കാരണങ്ങൾ ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി പിആർ അരവിന്ദാക്ഷനും, ജിൽസിനും ജാമ്യം അനുവദിച്ചത്. ജാമ്യം നിഷേധിക്കാനാവശ്യപ്പെട്ട ഇഡിക്ക് കോടതി പരാമർശം തിരിച്ചടിയായിരുന്നു. പ്രോസിക്യൂഷൻ ആരോപണങ്ങളും പ്രതികളുടെ വിശദീകരണവും പരിഗണിച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.
Read Also:'കരുവന്നൂരിൽ ഇഡി കള്ളക്കഥകൾ മെനഞ്ഞു'; ഫ്രീസ് ചെയ്‌ത പണം വിട്ടുകിട്ടണമെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറി