കേരളം

kerala

ETV Bharat / state

'ധനമന്ത്രി അവതരിപ്പിച്ചത് കോർപ്പറേറ്റ് ഫ്രണ്ട്ലി ബജറ്റ്': ജോർജ് ജോസഫ് - George Joseph About Union Budget

ബജറ്റിൻ്റേതായ പൊതുസ്വഭാവം ഇല്ലാത്ത ബജറ്റാണ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചതെന്ന് സാമ്പത്തിക വിദഗ്‌ധൻ ജോർജ് ജോസഫ്. മൊബൈൽ ഫോൺ, സ്വർണം എന്നിവയുടെ നികുതി കുറച്ചത് മാത്രമാണ് ആകെ ആശ്വാസം നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ECONOMIST GEORGE JOSEPH  UNION BUDGET 2024  GEORGE JOSEPH ON UNION BUDGET 2024  BUDGET SESSION 2024
George Joseph (ETV Bharat)

By ETV Bharat Kerala Team

Published : Jul 23, 2024, 7:25 PM IST

ECONOMIST GEORGE JOSEPH ABOUT UNION BUDGET (ETV Bharat)

എറണാകുളം:കേന്ദ്ര ബജറ്റ് യഥാർത്ഥ്യ ബോധമില്ലാത്തതും നിരാശ ജനകവുമെന്ന് സാമ്പത്തിക വിദഗ്‌ധൻ ജോർജ് ജോസഫ്. പ്രതീക്ഷിച്ച പ്രഖ്യാപനങ്ങളൊന്നും ബജറ്റിൽ ഇല്ലന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു. പ്രധാനമായും ബീഹാറിനും ആന്ധ്രാപ്രദേശിനും വേണ്ടിയുള്ള രണ്ട് പാക്കേജുകളാണ് ബജറ്റിലുള്ളത്. ബജറ്റിൻ്റേതായ പൊതുസ്വഭാവം ഇല്ലാത്ത ബജറ്റാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.

സ്വന്തമായി ഭൂരിപക്ഷമില്ലാത്ത ബിജെപി സർക്കാർ കൂടുതൽ ജനപ്രിയമായ പ്രഖ്യാപനങ്ങൾ നടത്തുമെന്നായിരുന്നു കരുതിയിരുന്നത്. കർഷക പ്രശ്‌നങ്ങളെ ഒരു തരത്തിലും ബജറ്റ് അഡ്രസ് ചെയ്യുന്നില്ല. നാല് കോടി തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് പറയുന്നതല്ലാതെ കൃത്യമായ പദ്ധതികളൊന്നും ഇല്ലെന്നും ജോർജ് ജോസഫ് ചൂണ്ടിക്കാണിച്ചു.

അടുത്ത വർഷം സർക്കാർ മേഖലയിൽ എത്ര തൊഴിലവസരങ്ങൾ നൽകുമെന്ന് പറയുന്നില്ല. കൂട്ടുകക്ഷികളുടെ പിന്തുണയുറപ്പിക്കാൻ മാത്രമാണ് ബജറ്റിൽ ശ്രമിച്ചത്. ഇരുപത്തിയാറായിരം കോടിയുടെ പദ്ധതിയാണ് ബജറ്റിൽ ബീഹാറിന് നേരിട്ട് നൽകിയത്. മറ്റു പദ്ധതികളും ബീഹാറിനായി നൽകുന്നുണ്ട്. എന്നാൽ വിപണിയുടെ ഉണർവിന് കാരണമാകുന്ന സൂചനകളൊന്നും ബജറ്റിൽ കാണാനില്ല. ഇതേ തുടർന്നാണ് സെൻസെക്‌സിലും, നിഫ്റ്റിയിലും ബജറ്റ് അവതരണത്തിന് പിന്നാലെ ഇടിവ് സംഭവിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.

ഏഴ് ശതമാനം സാമ്പത്തിക വളർച്ച നേടുമെന്ന പ്രഖ്യാപനം നടപ്പിലാകുന്നത് ഏത് രീതിയിലാണെന്നും ജോർജ് ജോസഫ് ചോദിച്ചു. സാമ്പത്തിക വളർച്ചയുടെ ഒരു സൂചനയും ബജറ്റിൽ ഇല്ല. ഇരുപത്തിനാലായിരം കോടിയുടെ പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്. പറഞ്ഞ അത്രയില്ലെങ്കിലും ഒരു എയിംസ് എങ്കിലും കേരളത്തിന് നൽകാമായിരുന്നു. ആരോഗ്യരംഗത്ത് ഇത്ര മുന്നേറിയ സംസ്ഥാനത്തിന് എയിംസ് അവകാശപ്പെട്ടതായിരുന്നു.

ആദായ നികുതിയിൽ പുതിയ സ്‌കീമിലേക്ക് ആളുകളെ മാറ്റുന്നതിനാണ് സ്‌റ്റാൻഡേർഡ് ഡിഡക്ഷൻ അമ്പതിനായിരത്തിൽ നിന്ന് എഴുപത്തിയയ്യായിരമായി ഉയർത്തിയത്. അത് അല്ലാതെ കാര്യമായ മാറ്റങ്ങളൊന്നും ആദായ നികുതി ഘടനയിൽ വരുത്തിയിട്ടില്ല. കോർപ്പറേറ്റ് ആദായ നികുതിയിൽ എന്തിനാണ് ഇപ്പോൾ ഇളവ് നൽകിയതെന്ന് അദ്ദേഹം ചോദിച്ചു. മാത്രമല്ല അമ്പത് ശതമാനം എന്നത് മുപ്പത്തിയഞ്ച് ശതമാനമായി കുറച്ചിരുക്കുകയായാണെന്നും, ആനുകൂല്യം നൽകിയത് കോർപ്പറേറ്റുകൾക്കാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

തൊഴിലില്ലായ്‌മ, വിലക്കയറ്റം, കർഷക പ്രശ്‌നം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിഗണിക്കപ്പെട്ടില്ല. ബജറ്റ് യാഥാർത്ഥ്യ ബോധമുള്ളതായിരുന്നുവെങ്കിലും ഈ പ്രശ്‌നങ്ങളെ പരിഗണിക്കേണ്ടതായിരുന്നുവെന്നും ജോർജ് ജോസഫ് അഭിപ്രായപ്പെട്ടു. ചെമ്മീൻ കൃഷിയുമായി ബന്ധപ്പെട്ട് വിത്ത് ഇറക്കുമതിയുടെ തീരുവയിൽ കുറവ് വരുത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ, സ്വർണം എന്നിവയുടെ നികുതി കുറച്ചത് മാത്രമാണ് ആകെ ആശ്വാസം നൽകുന്ന ബജറ്റ് പ്രഖ്യാപനമെന്നും ജോർജ് ജോസഫ് ചൂണ്ടികാണിച്ചു. കോർപ്പറേറ്റ് ഫ്രണ്ട്ലി ബജറ്റാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം വിമർശിച്ചു.

Also Read:'ബജറ്റ് നിരാശജനകവും കേരള വിരുദ്ധവും': വിമർശിച്ച് മന്ത്രി കെ എൻ ബാലഗോപാൽ

ABOUT THE AUTHOR

...view details