കോട്ടയം: ഈസ്റ്ററിന് വിശ്വാസികൾക്ക് വിതരണം ചെയ്യാൻ ഈസ്റ്റർ മുട്ടകൾ ഒരുങ്ങി കഴിഞ്ഞു. പ്രത്യാശയുടെയും ഉയിർപ്പിന്‍റെയും സന്ദേശം പകരുന്ന ഈസ്റ്റർ മുട്ടകൾ തയാറാക്കുന്ന തിരക്കിലായിരുന്നു ചങ്ങനാശേരി കത്തീഡ്രൽ പള്ളി യുവദീപ്‌തിയിലെ അംഗങ്ങൾ. 1800 കോഴിമുട്ടകളിലാണ് അംഗങ്ങൾ ഛായം പൂശിയത്.
ഹാപ്പി ഈസ്റ്ററെന്ന സന്ദേശവും മുട്ടയിൽ എഴുതി. തിളപ്പിച്ചെടുത്ത് പുറന്തോട് കളയാത്ത മുട്ടകളിലാണ് നിറം നൽകുന്നത്. മുട്ട പൊട്ടാതെ സൂക്ഷ്‌മമായി ഓരോരുത്തരും മുട്ടകളിൽ അലങ്കാരം ചെയ്‌തു. 2008 മുതൽ യുവദീപ്‌തി അംഗങ്ങൾ ഈസ്റ്റർ മുട്ട ഒരുക്കി വരുന്നു. ഈസ്‌റ്റര്‍ ദിവസം പുലർച്ചെ നടക്കുന്ന ർശുശ്രൂഷകൾക്ക് ശേഷം ചങ്ങനാശേരി അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുട്ടകൾ ആശീർവദിക്കും. തുടർന്ന് വിശ്വാസികൾക്ക് വിതരണം ചെയ്യും.
ഈസ്റ്റർ മുട്ട ഒരുക്കുന്നതിന് യുവദീപ്‌തി ഡയറക്‌ടർ ഫാ. ജെറിൻ കാവനാട്ട്, അസി. വികാരി ഫാ. ടോജോ പുള്ളിക്കപടവിൽ, യുവദീപ്‌തി പ്രസിഡൻ്റ് കാർമൽ ജോബി, സെക്രട്ടറി അരുൺ ടോം തോപ്പിൽ, സ്നേഹ സുനിൽ എന്നിവർ നേതൃത്വം നൽകി.