ഹൈദരാബാദ്: ശരീരത്തില്‍ വളരെയധികം സൂക്ഷിക്കേണ്ടതും പരിചരിക്കേണ്ടതുമായ അവയവമാണ് കണ്ണ്. കാരണം ജനനവൈകല്യം മുതല്‍ പ്രമേഹം വരെയുള്ള രോഗങ്ങള്‍ കണ്ണിന്‍റെ ആരോഗ്യത്തെ ബാധിക്കും. കണ്ണുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങള്‍ നിരവധിയാണ്.
അവയില്‍ പ്രധാനപ്പെട്ട ഒന്നാണ് കണ്ണിലുണ്ടാകുന്ന വരള്‍ച്ച. വരണ്ട കണ്ണുകള്‍ വല്ലാത്ത അസ്വസ്ഥതയാണുണ്ടാക്കുക. ലോകമെമ്പാടും നിരവധി പേര്‍ ഇതുമൂലം പ്രയാസങ്ങള്‍ അനുഭവിക്കുന്നുണ്ട്. ആരോഗ്യ കാര്യത്തില്‍ കണ്ണിലെ ബാക്‌ടീരിയകള്‍ക്ക് വലിയ പങ്കുണ്ട്.
കുടലിൽ മാത്രമല്ല നമ്മുടെ ത്വക്ക്, വായ, മൂക്ക്, ചെവി, കണ്ണ് തുടങ്ങിയ ശരീര ഭാഗങ്ങളിലും നിരവധി സൂക്ഷ്‌മാണുക്കളുണ്ട്. ആരോഗ്യമുള്ള കണ്ണുകളിലും വരണ്ട കണ്ണുകളിലുമുണ്ടാകുന്ന ബാക്‌ടീരിയകളുടെ എണ്ണത്തില്‍ വലിയ വ്യത്യസമുണ്ടെന്ന് ഓസ്റ്റിൻ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകർ പറയുന്നു. നമ്മുടെ കുടലില്‍ സൂക്ഷ്‌മാണുക്കളുടെ എണ്ണം കുറവാണെങ്കില്‍ രോഗകാരികളായ ബാക്‌ടീരിയകള്‍ രക്തത്തിലൂടെ ശരീരത്തിന്‍റെ വിവിധയിടങ്ങളിലേക്ക് വ്യാപിക്കും. അങ്ങനെ നാം രോഗികളായി മാറാം. ഇത്തരത്തിലൂടെ രക്ത ചംക്രമണത്തിലൂടെ രോഗാണുക്കള്‍ കണ്ണുകളിലുമെത്താം. ഇതും കണ്ണിലെ അസുഖങ്ങള്‍ക്ക് കാരണമായേക്കാം.
സ്‌ട്രെപ്‌റ്റോകോക്കസ്, പെഡോബാക്‌ടീരിയ എന്നീ സൂക്ഷ്‌മ ജീവികള്‍ ആരോഗ്യമുള്ള കണ്ണുകളിൽ കൂടുതലായി കാണാപ്പെടാറുണ്ട്. അതേസമയം വരണ്ട കണ്ണുകളിൽ അസിനെറ്റോബാക്‌ടർ എന്ന ബാക്‌ടീരിയകളാണ് കൂടുതലായുണ്ടാകുക. കണ്ണില്‍ സ്‌ട്രെപ്‌റ്റോകോക്കസ്, പെഡോബാക്‌ടീരിയ തുടങ്ങിയ നല്ല ബാക്‌ടീരിയകള്‍ ഉണ്ടാകേണ്ടത് അത്യന്താപേക്ഷിതമാണ്. ഇത്തരം തിരിച്ചറിവുകള്‍ പുതിയ ചികിത്സാരീതികൾ വികസിപ്പിക്കുന്നതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഗവേഷകര്‍ പറഞ്ഞു.
ALSO READ:ദീപാവലി ആഘോഷങ്ങള്‍ക്കൊരുങ്ങിയോ? പടക്കം കണ്ണിന് അപകടങ്ങള്‍ ഉണ്ടാക്കിയേക്കാം; അറിഞ്ഞിരിക്കേണ്ടവ