കോഴിക്കോട്:മുരിങ്ങക്കയുടെ വില മരം പോലെ കുത്തനെ ഉയർന്നപ്പോൾ പറമ്പിലുള്ള മുരിങ്ങാചെടിയെ നോക്കി മൂക്കത്ത് വിരൽ വയ്ക്കുന്നവരുണ്ട്. കാരണം ചെടിവർഗത്തിൽ പെട്ട മുരിങ്ങ വളർന്ന് വളർന്ന് മരമായിരിക്കുന്നു. ഏതോ കൊമ്പിലുള്ള ഫലങ്ങളാവട്ടെ ഉണങ്ങി ശുഷ്‌കിച്ചിരിക്കുന്നു. ഇരുമ്പ്, കാത്സ്യം, വിറ്റാമിൻ എ, വിറ്റാമിൻ ഇ, വിറ്റാമിൻ സി തുടങ്ങിയവ ധാരാളമായി അടങ്ങിയിരിക്കുന്ന മുരിങ്ങക്കയെ സൂപ്പര്‍ ഫുഡ് എന്നാണ് വിളിക്കുന്നത്. തമിഴ്‌നാട്ടിൽ മഴ കനത്താൽ വില കൂടും. അപ്പോഴാണ് ചിന്തിക്കുക നമുക്ക് എന്തുകൊണ്ട് കൃഷി ചെയ്‌തുകൂടാ എന്ന്. സംഗതി എളുപ്പമാണ് തെറ്റിദ്ധാരണകൾ മാറ്റിയാൽ.
Drumstick (ETV Bharat)
എങ്ങനെ പരിപാലിക്കണം:പണ്ടുള്ളവർ പറയുമായിരുന്നു ''മക്കളേയും മുരിങ്ങയേയും പൊട്ടിച്ച് വളർത്തണം'' എന്ന്. ഒരു കാര്യവുമില്ലാതെ നീണ്ട് വളർന്ന് പോകാൻ മുരിങ്ങ ചെടിയെ വിട്ടാൽ ഭാവിയില്‍ നമുക്ക് ഉപകാരപ്പെട്ടെന്ന് വരില്ല. പകരം വർഷാവർഷം ചെടിയെ മുറിച്ച് മാറ്റി നടണം. കമ്പ് നട്ടുള്ള കൃഷി രീതിയാണ് നമ്മുടെ കാലാവസ്ഥയ്‌ക്ക് അനുയോജ്യമെന്ന് കാർഷിക സർവകലാശാല തന്നെ സമ്മതിക്കുന്നു.
Drumstick (ETV Bharat)
ഒരു പാട് വർഷം ഇതിലൂടെ വിളവെടുക്കാൻ കഴിയും.'മഴക്കാലം തുടങ്ങുമ്പോഴാണ് മുരിങ്ങയുടെ കമ്പ് മുറിച്ച് നടേണ്ടത്. വേനലിലാണ് മുരിങ്ങ തഴച്ച് വളരുക. ചൂട് കൂടിയ പ്രദേശമായത് കൊണ്ട് തന്നെ തമിഴ്‌നാട്ടിൽ മൂന്ന് തവണയൊക്കെ വിളവെടുപ്പ് നടക്കുന്നുണ്ട്. എന്നാൽ ഇടയ്‌ക്ക് പെയ്യുന്ന മഴ കൃഷിക്ക് വലിയ ദോഷം ചെയ്യുമെന്നും വെള്ളാനിക്കരയിലെ സസ്യശാസ്ത്ര വിഭാഗം അസി. പ്രൊഫസർ സംഗീത കുട്ടി പറഞ്ഞു.
Drumstick (ETV Bharat)
എന്താണ് ചെടിമുരിങ്ങ?
യഥാർഥത്തിൽ അങ്ങിനെ ഒരു പേര് തന്നെ ഈ വിഭാഗത്തിൽ ഇല്ല എന്നാണ് ശാസ്ത്ര വിഭാഗം പറയുന്നത്. ഒരു വർഷത്തിൽ കായ് ഫലമുള്ളത്, ഒന്നിലേറെ വർഷങ്ങൾ കൊണ്ട് കായ്‌ഫലം തരുന്നത് എന്നീ വിഭാഗങ്ങളാണ് മുരിങ്ങയിലുള്ളത്. 'അനുപമ' എന്നൊരു ഇനമാണ് അവസാനമായി കേരള കാർഷിക സർവകലാശാലയിൽ വികസിപ്പിച്ചെടുത്തത്. അത് പല പ്രദേശങ്ങളിൽ നിന്ന് കമ്പ് ശേഖരിച്ച് വികസിപ്പിച്ചതാണ്. അതേസമയം ചെടിമുരിങ്ങ വിത്ത് എന്ന പേരിൽ വിൽക്കപ്പെടുന്നത് ഒരു ശാസ്ത്രീയ അടിത്തറയുമില്ലാത്തവയാണെന്നും സംഗീത പറഞ്ഞു. ഇത് ഇലയ്‌ക്ക് വേണ്ടി നട്ടുപിടിപ്പിക്കാം. എന്നാൽ എപ്പോൾ ഫലം തരും എന്നതിലൊന്നും വിശ്വാസ്യതയില്ല. PKM 1, PKM 2 എന്നീ വിത്തിനങ്ങൾ തമിഴ്‌നാട് വികസിപ്പിച്ചിരുന്നു. എന്നാൽ കേരളത്തിൽ ഇത് വിജയിച്ചില്ല.
വിത്ത് കൃഷി രീതി:വലിയ മുരിങ്ങ നട്ടുപിടിപ്പിച്ച് വളര്‍ത്തി വലുതാക്കി വിളവ് എടുക്കല്‍ വലിയ പ്രയാസമുള്ള കാര്യമായതുകൊണ്ട് വിത്ത് നട്ട് തൈ നടുന്നവരുമുണ്ട്. താഴ്‌ചയുമുള്ള കുഴികൾ തയാറാക്കി 10 കിലോ ജൈവ വളവും (ചാണകപ്പൊടി, എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ്, വേപ്പിൻ പിണ്ണാക്ക് എന്നിവയുടെ മിശ്രിതം) ചേർക്കുക. സ്ഥല പരിമിതിയുള്ളവര്‍ക്ക് വലിപ്പമുള്ള പ്ലാസ്റ്റിക് ഡ്രമ്മിലും വലിയ ഗ്രോബാഗ് എന്നിവയിലും നടീല്‍ മിശ്രിതം നിറച്ച് ചെടി മുരിങ്ങ നടാം. അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലം നടാനായി തെരഞ്ഞെടുക്കണം. അമ്ലത്വം കൂടിയ മണ്ണുകളിൽ (5.5 നെക്കാൾ കുറഞ്ഞ പിഎച്ച് മൂല്യമുള്ള മണ്ണ്) കുഴിയൊന്നിന് ഒരു കിലോ കുമ്മായവും നടുന്നതിന് 15 ദിവസം മുമ്പ് ചേർക്കാവുന്നതാണ്. ഇപ്രകാരം തയാറാക്കിയ കുഴികളിലാണ് ചെടി മാറ്റി നടേണ്ടത്. മേൽമണ്ണ് നിറച്ച് തടമെടുക്കുക.
Drumstick (ETV Bharat)
വെള്ളം വാർന്നു പോകാൻ സൗകര്യം നൽകണം. മെയ്, ജൂൺ മാസങ്ങളിൽ മാറ്റി നടുന്നതാണ് നല്ലത്. നട്ട ശേഷം മിതമായ രീതിയിൽ നനച്ചു കൊടുക്കുക. ഓരോ സ്ഥലത്തെയും ഭൂപ്രകൃതിയും മണ്ണിന്‍റെ ഘടനയും അനുസരിച്ച് 10 -15 ദിവസം കൂടുമ്പോൾ നനവ് ക്രമീകരിക്കണം. വരണ്ട കാലാവസ്ഥയിലും നല്ല രീതിയിൽ വളരുന്ന ചെടിയാണ് മുരിങ്ങ. പൂവ് വന്ന് തുടങ്ങി കഴിഞ്ഞാൽ ജലസേചനം വളരെ കുറയ്ക്കണം.
Drumstick (ETV Bharat)
ലോകത്തില്‍ ഏറ്റവും മികച്ച മുരിങ്ങ ഇനങ്ങള്‍ വളരുന്നത് പശ്ചിമഘട്ടത്തിന്‍റെ താഴ്‌വാരങ്ങളിലാണ്. എക്കാലത്തും മലയാളിയുടെ നിത്യോപയോഗ പച്ചക്കറികളിൽ പ്രധാന സ്ഥാനത്താണ് മുരിങ്ങ. പോഷക ഗുണങ്ങളാൽ സമ്പുഷ്‌ടമായ മുരിങ്ങയുടെ ഇല, പൂവ്, കായ്, തണ്ട്, വേര്, തുടങ്ങി എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. എന്തിനും മറുനാട്ടുകാരെ ആശ്രയിക്കുന്ന മലയാളിക്ക് വളരെ എളുപ്പത്തിൽ ചെയ്യാവുന്നതാണ് മുരിങ്ങ കൃഷി.