കോഴിക്കോട് :കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിൽ ട്രെയിന്‍ വഴി കൊണ്ടുവന്ന പന്ത്രണ്ട് കിലോ കഞ്ചാവ് പിടികൂടി (Three People Were Arrested For Smuggling Drugs). കഞ്ചാവ് കൊണ്ട് വന്ന മൂന്ന് ഇതരസംസ്ഥാനതൊഴിലാളികളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. കോഴിക്കോട് ടൗൺ അസിസ്‌റ്റന്‍റ് കമ്മീഷണർ ബിജുരാജിന്‍റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്കോഡും, ടൗൺ പൊലീസും, ആന്‍റിനാർക്കോട്ടിക് ഷാഡോ ടീമും ചേർന്നാണ് പ്രതികളെ കസ്‌റ്റഡിയിലെടുത്തത്.
പന്ത്രണ്ട് കിലോ കഞ്ചാവുമായി ട്രെയിനിൽ, മൂന്നുപേർ അറസ്‌റ്റില്‍ - കോഴിക്കോട് കഞ്ചാവ് പിടികൂടി
ഒഡിഷ സ്വദേശിയായ മാൻസി ദാസിനെ കഞ്ചാവ് കൈവശം വച്ചതിന് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് നേരത്തെയും അറസ്‌റ്റ് ചെയ്‌തിരുന്നു.
Published : Jan 26, 2024, 3:49 PM IST
|Updated : Jan 26, 2024, 5:18 PM IST
ഒഡിഷ സ്വദേശിയായ മാൻസി ദാസ് (25) മഹാരാഷ്‌ട്ര സ്വദേശികളായ രാകേഷ് (32), സന്ദേശ് (30) എന്നിവരെയാണ് ഇന്നലെ (25-01-2024) കോഴിക്കോട് റെയിൽവേ സ്‌റ്റേഷന്‍റെ രണ്ടാം ഗേറ്റ് പരിസരത്ത് വച്ച് പിടികൂടിയത്. മാൻസി ദാസിനെ കഞ്ചാവ് കൈവശം വച്ചതിന് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ് നേരത്തെയും അറസ്‌റ്റ് ചെയ്‌തിരുന്നു. തുടർന്ന് ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ വീണ്ടും വൻതോതിൽ കഞ്ചാവ് വില്‍പന ആരംഭിച്ച വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് പൊലീസിന്‍റെ നിരീക്ഷണ വലയത്തിലായിരുന്നു ഇയാൾ. മാസത്തിൽ ഒന്നും രണ്ടും തവണയാണ് ഇവർ ഒഡിഷയിൽ പോയി കിലോ കണക്കിന് കഞ്ചാവുമായി കോഴിക്കോട് എത്തുന്നതെന്നാണ് പൊലീസ് പറയുന്നത്.
ടൗൺ പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്പെക്‌ടർ സുലൈമാൻ, അസിസ്‌റ്റന്‍റ് സബ് ഇൻസ്പെക്‌ടർ കെ ടി മുഹമ്മദ് ഷബീർ, എസ് സിപിഒ മാരായ ടി കെ ബിനിൽകുമാർ, ദിനേശ് കുമാർ, റിനീഷ് കുമാർ, സിപിഒ ജിതേഷ് ചന്ദ്രൻ, ഉല്ലാസ് , സിറ്റി ക്രൈം സ്ക്വാഡിലെ എം ഷാലു, സി കെ സുജിത്ത്, സജീഷ് കുമാർ, നാക്കോട്ടിക്ക് ടീമിലെ സരുൺ, ഷിനോജ്, തൗഫീഖ്, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.