കോഴിക്കോട്: മെഡിക്കൽ കോളജിലേക്ക് മരുന്നും മറ്റ് ജീവൻ രക്ഷാ ഉപകരണങ്ങളും വിതരണം ചെയ്യുന്ന കച്ചവടക്കാർക്ക് നൽകാനുള്ള കുടിശിക നൽകാത്തത് പ്രതിഷേധത്തിന് കാരണമാകുന്നു. കഴിഞ്ഞ എട്ട് മാസത്തോളമായി മെഡിക്കൽ കോളജിലേക്ക് മരുന്നും മറ്റ് ഉപകരണങ്ങളും വിതരണം ചെയ്യുന്ന എഴുപതോളം കച്ചവടക്കാർക്ക് പണം നൽകുന്നില്ല. കുടിശിക അടിയന്തരമായി നൽകിയില്ലെങ്കിൽ മാർച്ച് 10 മുതൽ മരുന്നുകളുടെയും ജീവൻ രക്ഷാ ഉപകരണങ്ങളുടെയും വിതരണം നിർത്തിവയ്ക്കും എന്നാണ് കച്ചവടക്കാരുടെ സംഘടനയായ
ഓൾ കേരള കെമിസ്റ്റ്സ് ആൻഡ് ഡ്രഗിസ്റ്റ് അസോസിയേഷൻ പറയുന്നത്.
75 കോടിയോളം രൂപയാണ് ഇത്തരത്തിൽ മെഡിക്കൽ കോളജിൽ നിന്നും കച്ചവടക്കാർക്ക് ലഭിക്കാനുള്ളത്. ഇത്രയധികം തുക ലഭിക്കാതായതോടെ കച്ചവടക്കാരുടെ നിലനിൽപ്പ് തന്നെ ഇല്ലാതാകുന്ന അവസ്ഥയിലാണ്. ആറു വർഷം മുമ്പും സമാനമായ രീതിയിൽ കച്ചവടക്കാർക്ക് കുടിശിക ഉണ്ടായിരുന്നു. എന്നാൽ കച്ചവടക്കാരുടെ പ്രശ്‌നം നേരിട്ടറിഞ്ഞ അന്നത്തെ ആരോഗ്യവകുപ്പ് മന്ത്രി പ്രശ്‌നത്തിൽ ഇടപെട്ട് അടിയന്തര പരിഹാരം ഉണ്ടാക്കിയിരുന്നു.