കോഴിക്കോട്:പാരമ്പര്യ കർഷകനായ വാഴക്കാട് മുണ്ടുമുഴിയിലെ നജ്‌മുദ്ദീൻ തന്‍റെ കൃഷിയിടത്തിലേക്ക് മരുന്നും വളവും അടിക്കുന്നതിനായി പലപ്പോഴും ഡ്രോൺ കൊണ്ടുവരുമായിരുന്നു. ഒരു ഹെലികോപ്‌റ്റർ പോലെ കൃഷിയിടത്തിനുമുകളിലൂടെ പാറി പറന്ന് മരുന്നു തളിക്കുന്ന ഡ്രോണിനെ അദ്ദേഹത്തിന്‍റെ ഭാര്യ ജെസ്‌ന ഏറെ കൗതുകത്തോടെയാണ് നോക്കിയിരുന്നത്. ആ കൗതുകം ഇപ്പോൾ ജെസ്‌നയെ ഒരു ഡ്രോൺ പൈലറ്റാക്കി മാറ്റിയിരിക്കുകയാണ്.
വനിതകൾക്കായി കുടുംബശ്രീയും കേന്ദ്ര കിഴങ്ങുവിള ഗവേഷണ സ്ഥാപനവും ഫാക്‌ടും സംയുക്തമായി നടത്തിയ ഡ്രോൺ പൈലറ്റ് പരിശീലന പരിപാടിയിലൂടെയാണ് ജെസ്‌നയുടെ മോഹവും പൂവണിഞ്ഞത്. മലപ്പുറത്തും തിരുവനന്തപുരത്തുമായിരുന്നു ആദ്യ പരിശീലനം. പിന്നീട് ചെന്നൈയിലെ ഗരുഡ എയ്‌റോ സ്‌പേസിൽ രണ്ടാഴ്‌ചത്തെ പരിശീലനവും കഴിഞ്ഞതോടെ ലൈസൻസും കൈയ്യിൽക്കിട്ടി. ഒരു മാസം മുമ്പാണ് സ്വന്തമായി ഡ്രോൺ ലഭിച്ചത്.