തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്, ലേണേഴ്‌സ് ലൈസൻസ് എന്നിവയ്ക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം ഉപയോഗിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ്. ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ആണ് ഇത് സംബന്ധിച്ച് അറിയിപ്പ് പുറത്തിറക്കിയത് (MVD Renewed Form 1 a for Drivng License).
കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇത് പ്രകാരം ഡ്രൈവിങ് ലൈസൻസ്, ലേണേഴ്‌സ് ലൈസൻസ് എന്നിവ സംബന്ധിച്ച സേവനങ്ങൾ നൽകാൻ നിഷ്‌കർഷിച്ചിരിക്കുന്ന ഫോം നമ്പർ 1A യിലാണ് മാറ്റം. അപേക്ഷകന്‍റെ കളർ വിഷൻ സ്‌റ്റാൻഡേർഡ് ഇഷിഹാര ചാർട്ട് ഉപയോഗിച്ച് പരിശോധിക്കുകയും, കഠിനമായതോ പൂർണ്ണമായതോ ആയ വർണ്ണാന്ധത ഇല്ല എന്ന് ഫോം നമ്പർ 1A യിൽ അംഗീകൃത ഡോക്‌ടര്‍ സാക്ഷ്യപ്പെടുത്തുകയും വേണമെന്ന നിര്‍ദേശമാണ് പുതുതായി കൂട്ടിച്ചേർത്തത് (New Form For Driving Test).
2021 മാര്‍ച്ച് 31ലെ GSR 240 (E) വിജ്ഞാപന പ്രകാരം കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്‍റെ അടിസ്ഥാനത്തിലാണ് ഈ മാറ്റം വരുന്നത്. ഇത്തരത്തിൽ മാറ്റം വരുത്തിയ ഫോം അല്ല ഉപയോഗിക്കുന്നതെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്നും സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.