തിരുവനന്തപുരം: പുതുക്കിയ മാർഗനിർദേശങ്ങളനുസരിച്ച് ഡ്രൈവിങ് ടെസ്റ്റിന് സ്ഥലമൊരുക്കാൻ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി ഉത്തരവ്. ദക്ഷിണ മേഖല ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മിഷണറാണ് (Transport commissioner) ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഡ്രൈവിങ് ടെസ്‌റ്റ് പരിഷ്‌കരണം മെയ് 1 മുതൽ നടപ്പിലാക്കണം.
ഇതിന് അനുയോജ്യമായ രീതിയിൽ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് തയ്യാറാക്കി ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ആർടിഒമാർക്കും ജോയിന്‍റ് ആർടിഒമാർക്കും കർശന നിർദേശം നൽകി. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം കുറയ്ക്കുന്നതിന് മുന്നോടിയായി ലേണേഴ്‌സ് ടെസ്റ്റിന് അനുവദിക്കാവുന്ന അപേക്ഷകരുടെ എണ്ണത്തിൽ ഏപ്രിൽ 1 മുതൽ ആനുപാതികമായ നിയന്ത്രണം ഏർപ്പെടുത്തണമെന്നും നിർദേശം നൽകി.
ഈ മാസം 15ന് മുൻപായി ആർടിഒമാരും ജോയിന്‍റ് ആർടിഒമാരും ഡ്രൈവിങ് ടെസ്റ്റ് സ്ഥലം കണ്ടെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിക്കണമെന്നാണ് നിർദേശം. നിലവിലെ ടെസ്റ്റ് (Driving Test) നടത്തുന്ന ഗ്രൗണ്ടുകൾ പുതുക്കിയ മാർഗനിർദേശങ്ങളനുസരിച്ച് ഡ്രൈവിങ് ടെസ്റ്റിന് അനുയോജ്യമാക്കാമെന്നും സർക്കുലറിൽ പറയുന്നു. അല്ലെങ്കിൽ സമചതുരാകൃതിയിൽ 13.5 സെന്‍റ് സ്ഥലം ഡ്രൈവിങ് ടെസ്റ്റ് ട്രാക്കിനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾക്കുമായി കണ്ടെത്തി, സ്ഥല ലഭ്യത, രൂപരേഖ, എന്നിവ അടക്കമുള്ള റിപ്പോർട്ട് 15നകം ഹാജരാക്കാനാണ് നിർദേശം.