തിരുവനന്തപുരം : ഒരു ദിവസം 50 ഡ്രൈവിങ് ടെസ്റ്റില്‍ കൂടുതല്‍ പാടില്ലെന്ന ഗതാഗതമന്ത്രി കെബി ഗണേഷ് കുമാറിന്‍റെ ഉത്തരവ് മറികടന്ന് കൂടുതല്‍ ഡ്രൈവിങ് ടെസ്റ്റുകള്‍ നടത്തിയ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥരെ പിടിക്കാന്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ രംഗത്തിറക്കി ഗതാഗതമന്ത്രി. ദിവസം 100 മുതല്‍ 130 വരെ ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥരോട് അത്രയും ടെസ്റ്റ് നടത്തി കാണിക്കാനാണ് നിര്‍ദേശം. ഇതിന്‍റെ ഭാഗമായി ഇന്നുമുതല്‍ മോട്ടോര്‍ വാഹന വകുപ്പിലെ സ്‌പെഷ്യല്‍ മോണിറ്ററിങ് വിഭാഗം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും ഡ്രൈവിങ് ടെസ്റ്റ്.
കൂടുതല്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയതായി പരാതിയുയര്‍ന്ന 15 ഉദ്യോഗസ്ഥരെ മുട്ടത്തറയിലെ ഓട്ടോമേറ്റഡ് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തില്‍ വിളിച്ചു വരുത്തി. ഇവരുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഡ്രൈവിങ് ടെസ്റ്റ് ക്യാമറയില്‍ പകര്‍ത്തും. രാവിലെ 8.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയുള്ള സമയത്ത് ഇവര്‍ എത്ര ടെസ്റ്റ് നടത്തുന്നു എന്നതാണ് പ്രധാന പരിശോധന.
അല്ലെങ്കില്‍ 100 മുതല്‍ 130 വരെ ടെസ്റ്റുകള്‍ നടത്താനാകുമെന്ന് ഇവര്‍ തെളിയിക്കണം. തെളിയിച്ചില്ലെങ്കില്‍ 100 മുതല്‍ 130 വരെ ടെസ്റ്റ് നടത്തിയതില്‍ അഴിമതി നടന്നുവെന്ന നിഗമനത്തില്‍ ഈ 15 ഉദ്യോഗസ്ഥരുടെയും പേരില്‍ നടപടി സ്വീകരിക്കാനാണ് നീക്കം. അസിസ്റ്റന്‍റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, ജോയിന്‍റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍, മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇതുസംബന്ധിച്ച പരിശോധന പുരോഗമിക്കുന്നത്. ഒരു ടെസ്റ്റ് നടത്താന്‍ ആറ് മിനിറ്റില്‍ കൂടുതല്‍ വേണ്ടി വരുമെന്നാണ് മന്ത്രിയുടെ വാദം.