സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ പുനരാംരംഭിച്ചു (Source: ETV Bharat Reporter) തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം കർശന നിയന്ത്രണങ്ങളോടെ നടപ്പാക്കാനുള്ള കടുംപിടുത്തത്തിൽ നിന്നും ഗതാഗത മന്ത്രി അയഞ്ഞതോടെ അനിശ്ചിതമായി മുടങ്ങിയ ടെസ്റ്റുകൾ പുനരാംരംഭിച്ചു. ഇന്നലെ ഡ്രൈവിങ് സ്‌കൂൾ ഉടമകളുടെ പ്രതിനിധികളുമായി മന്ത്രി കെ ബി ഗണേഷ് കുമാർ നടത്തിയ ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടായ സാഹചര്യത്തിൽ സംയുക്ത സമരസമിതി സമരം പിൻവലിച്ചിരുന്നു. ഇതിനെ തുടർന്നാണ് ഇന്ന് മുതൽ ഡ്രൈവിങ് ടെസ്റ്റ് പുനരാരംഭിച്ചത്.
സമരം പിൻവലിച്ചതോടെ ടെസ്റ്റിങ് കേന്ദ്രത്തിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൊടിതോരണങ്ങളടക്കം നീക്കം ചെയ്‌തിട്ടുണ്ട്. മുട്ടത്തറയിലെ ഓട്ടോമാറ്റഡ് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിൽ ഇന്ന് 40 സ്ലോട്ടുകളാണ് ഉണ്ടായിരുന്നത്. ഇവിടെ 14 പേര്‍ ടെസ്റ്റിൽ പങ്കെടുത്തു. രണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടർമാരുള്ള കേന്ദ്രങ്ങളിൽ, ഒരു ഉദ്യോഗസ്ഥന് 40 വീതം ടെസ്റ്റുകൾ നടത്താമെന്നാണ് നിലവിലെ തീരുമാനം.
ചർച്ചയിൽ സ്‌കൂൾ ഉടമകൾ മുന്നോട്ടുവച്ച ആവശ്യങ്ങളെല്ലാം മന്ത്രി അംഗീകരിച്ചിട്ടുണ്ട്. സ്‌കൂൾ ഉടമകളുടെ ആവശ്യപ്രകാരം ടെസ്‌റ്റിന് എത്തിക്കുന്ന വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്താൻ തീരുമാനിച്ചു. പഴയത് പോലെ ആദ്യം എച്ച് ടെസ്‌റ്റും പിന്നീട് റോഡ് ടെസ്‌റ്റും നടത്താനും തീരുമാനമായി.
അതേസമയം, സർക്കുലർ പിൻവലിക്കില്ലെന്നും ഇതുസംബന്ധിച്ച മാറ്റങ്ങൾ വരുത്തുമെന്നും മന്ത്രി അറിയിച്ചു. ഡ്യുവൽ ക്ലച്ച് ബ്രേക്ക് സംവിധാനമുള്ള വാഹനങ്ങൾ തുടർന്നും ഉപയോഗിക്കാം. ടെസ്‌റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോര്‍ വാഹന വകുപ്പ് വാങ്ങി വയ്ക്കും. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ മെയ് 2 മുതലായിരുന്നു ഡ്രൈവിങ് സ്‌കൂൾ ഉടമകൾ ബഹിഷ്കരണ സമരം ആരംഭിച്ചത്. ഇതോടെ സംസ്ഥാനത്താകെ ഡ്രൈവിങ് ടെസ്റ്റുകൾ മുടങ്ങിയിരുന്നു.
Also Read: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം: സമരം പിന്‍വലിച്ച് സ്‌കൂള്‍ ഉടമകള്‍; തീരുമാനം മന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്ക് ശേഷം