എറണാകുളം :കാക്കനാട് ഡിഎൽഎഫ് ഫ്ലാറ്റിൽ രോഗം പരത്തിയത് റോട്ടാ, ആസ്ട്രോ വൈറസുകളെന്ന് സ്ഥിരീകരിച്ച് ആരോഗ്യവകുപ്പ്. പരിശോധനാ റിപ്പോർട്ട് ജില്ല ആരോഗ്യ വിഭാഗം ആരോഗ്യമന്ത്രിക്കും വകുപ്പ് ഡയറക്‌ടർക്കും സമർപ്പിച്ചു. ഡിഎൽഎഫ് ഫ്ലാറ്റിലെ കുടിവെള്ളത്തിൽ അണുബാധയുണ്ടായി നിരവധി പേർക്ക് വയറിളക്കവും ഛർദ്ദിയും പിടിപെട്ടത് വെള്ളത്തിലുണ്ടായ ആസ്ട്രോ, റോട്ടാ വൈറസുകളെന്ന് പരിശോധനാഫലങ്ങളിൽ നിന്ന് വ്യക്തമായി.
ഡിഎൽഎഫിലെ അഞ്ച് ബ്ലോക്കുകളിൽനിന്ന് ശേഖരിച്ച കുടിവെള്ള സാമ്പിളുകളുടെ പരിശോധനാ റിപ്പോർട്ടിലാണ് വൈറസുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. ഫ്ലാറ്റിലെ താമസക്കാർ ഉപയോഗിച്ചിരുന്ന കുടിവെള്ളത്തിൽ രോഗകാരികളായ ഇ കോളി, കോളിഫോം ബാക്‌ടീരിയ സാന്നിധ്യം അപകടകരമായ നിലയിലായിരുന്നെന്ന് സ്വകാര്യ ലാബിന്‍റെ പരിശോധനയിൽ തന്നെ വ്യക്തമായിരുന്നു.