ആലപ്പുഴ: ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിലെ ഒമ്പത് നിമയസഭ മണ്ഡലങ്ങളിലേക്കുമുള്ള വോട്ടിങ് മെഷീനുകളുടെ വിതരണം കലക്‌ടറേറ്റിൽ പൂർത്തിയായി. ജില്ല കലക്‌ടർ അലക്‌സ് വർഗീസ് മാവേലിക്കര അസിസ്‌റ്റന്‍റ് റിട്ടേണിങ് ഓഫിസറിന് വോട്ടിങ് മെഷീൻ കൈമാറി വിതരണത്തിന് തുടക്കം കുറിച്ചു. കലക്‌ടറേറ്റിലെ ഇലക്ഷന്‍ വെയര്‍ ഹൗസില്‍ സൂക്ഷിച്ചിരുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇ.വി.എം.), വിവിപാറ്റ് തുടങ്ങിയ പോളിങ് ഉപകരണങ്ങളാണ് വിതരണം ചെയ്‌തത്.
ഒമ്പത് നിയോജക മണ്ഡലങ്ങളിലായി 2558 വീതം ബാലറ്റ് യൂണിറ്റുകളും 2217 കൺട്രോൾ യൂണിറ്റുകളും 2387 വിവിപാറ്റുമാണ് വിതരണം ചെയ്‌തത്. അടിയന്തര സാഹചര്യങ്ങൾ ഉണ്ടായാൽ ഉപയോഗിക്കുന്നതിന് ബാലറ്റ് യൂണിറ്റ്, കൺട്രോൾ യൂണിറ്റ് 20 ശതമാനവും 30 ശതമാനം വിവിപാറ്റ് അധിക യന്ത്രങ്ങളും നൽകിയിട്ടുണ്ട്.
യന്ത്രങ്ങളുടെ പോരായ്‌മകൾ പരിഹരിക്കാനായി 14 പേരടങ്ങുന്ന ബെൽ എൻജിനീയർമാരെയും നിയോഗിച്ചിട്ടുണ്ട്. 15 കൗണ്ടറുകളാണ് ഒരുക്കിയിരുന്നത്. കർശന സുരക്ഷയിൽ ജിപിഎസ് ഘടിപ്പിച്ച 49 വാഹനങ്ങളിലാണ് വെയർ ഹൗസിൽ നിന്ന് യന്ത്രങ്ങൾ നിയമസഭ മണ്ഡലങ്ങളിലേക്ക് കൊണ്ടുപോയത്.