ആരോഗ്യ രംഗത്ത് കൊവിഡ് സൃഷ്‌ടിച്ച അരക്ഷിതാവസ്ഥയിൽ നിന്ന് മലയാളികൾ കരകയറി തുടങ്ങിയിട്ടേ ഒള്ളു. അതിനിടയിൽ പുതിയതും പഴയതുമായ നിരവധി പകർച്ചവ്യാധികൾ ആണ് ഈ വർഷവും ആരോഗ്യരംഗത്തിന് വെല്ലുവിളി ഉയർത്തിയത്. നിപ, ഷിഗെല്ല, എംപോക്‌സ്, വെസ്‌റ്റ് നൈൽ തുടങ്ങി മുന്‍പ് കണ്ടിട്ടുള്ളതും കാണാത്തതുമായ നിരവധി അസുഖങ്ങള്‍ ഇത്തവണ സംസ്ഥാനത്ത് തലപൊക്കി.
പ്രത്യേകിച്ചും പനി പടർന്നു പിടിച്ചൊരു കാലമായിരുന്നു 2024. 2.8 ലക്ഷത്തോളം പേർക്കാണ് ഈ വർഷം ഡിസംബർ 17 വരെ പനി സ്ഥിരീകരിച്ചത്. 20000 ലധികം പേർക്ക് ഡെങ്കിയും 7000 ലധികം പേർക്ക് ഹെപ്പറ്റൈറ്റിസ് എയും സ്ഥിരീകരിച്ചു. കഴിഞ്ഞ തവണ 974 പേർക്ക് ഹെപ്പറ്റൈറ്റിസ് എ സ്ഥിരീകരിച്ച സ്ഥാനത്താണിത്. 3000 ത്തിലധികം പേർക്ക് H1N1 സ്ഥിരീകരിച്ചപ്പോള്‍ അത്ര പരിചിതമല്ലാത്ത എംപോക്‌സ് എന്ന രോഗം 6 പേർക്കും ഷിഗെല്ല 117 പേർക്കും വെസ്‌റ്റ് നൈൽ 29 പേർക്കും സ്ഥിരീകരീച്ചു.
2023 നേക്കാള്‍ പകർച്ചവ്യാധികള്‍ മൂലമുള്ള മരണങ്ങളും 2024 ൽ സംസ്ഥാനത്ത് വർധിച്ചു. എലിപ്പനി മൂലമാണ് ഏറ്റവും കൂടുതൽ മരണങ്ങള്‍ സ്ഥിരീകരിച്ചത്. കഴിഞ്ഞ വർഷം ഇത് 94 ആയിരുന്നു. ഡെങ്കി ബാധിച്ച് 98 ആളുകളും ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് 79 ആളുകളും H1N1 ബാധിച്ച് 58 ആളുകളും മരിച്ചതാണ് തൊട്ടു പുറകെയുള്ള കണക്കുകള്‍. എംപോക്‌സിന്‍റെ ഏറ്റവും അപകടകാരിയായ ക്ലേഡ് 1 വകഭേദമാണ് കേരളത്തിൽ സ്ഥിരീകരിച്ചതെങ്കിലും മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്‌തില്ല. ഷിഗെല്ല ബാധിച്ച് 1 മരണവും വെസ്‌റ്റ് നൈൽ ബാധിച്ച് 7 മരണങ്ങളും സ്ഥിരീകരിച്ചു.
പിടിമുറുക്കിയ പ്രധാന രോഗങ്ങള്‍
നിപ
പകർച്ചാ നിരക്ക് കുറവാണെങ്കിലും മരണനിരക്ക് ഉയർന്നിരിക്കുന്ന, പ്രതിരോധമല്ലാതെ മറ്റു ചികിത്സകളൊന്നും ലഭ്യമല്ലാത്ത ഈ വൈറസ് വലിയ വെല്ലുവിളികൾ ആണ് ആരോഗ്യമേഖലക്ക് ഉയർത്തിയത്. 2018 ൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്‌തത് മുതൽ 6 തവണയാണ് കേരളത്തിൽ ഇതുവരെ രോഗം പൊട്ടിപ്പുറപ്പെട്ടത്.
ആദ്യ തവണ രോഗം പൊട്ടിപുറപ്പെട്ടപ്പോൾ രോഗബാധ സ്ഥിരീകരിച്ച 18 പേരിൽ 17 പേരും മരിച്ചിരുന്നു. പക്ഷെ പിന്നീട് രോഗം റിപ്പോർട്ട് ചെയ്‌തപ്പോഴൊക്കെയും തുടക്കത്തിൽ തന്നെ വൈറസിനെ പിടിച്ച് കെട്ടാൻ നമ്മുടെ ആരോഗ്യ സംവിധാനങ്ങൾക്കായത് മരണ നിരക്കിനെ നിയന്ത്രണ വിധേയമാക്കാന്‍ സഹായിച്ചു. 2024 ൽ രണ്ടു തവണ തലപൊക്കിയ വൈറസ് രണ്ടു ജീവനുകള്‍ അപഹരിച്ചു.
2021ൽ കോഴിക്കോട് ജില്ലയിലെ രണ്ട് പഴംതീനി വവ്വാലുകളിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിപ വൈറസ് ആൻ്റിബോഡികൾ എൻഐവി പുണെ ഇൻസ്‌റ്റിറ്റ്യൂട്ട് കണ്ടെത്തിയിരുന്നു. ഈ സസ്‌തനികളാണ് വൈറസിൻ്റെ ഉറവിടം എന്നാണ് കരുതുന്നത്. മെയ്, ജൂൺ മാസങ്ങളിൽ പ്രജനനം നടത്തുന്ന ഈ വവ്വാലുകളിൽ നിന്നാണ് മനുഷ്യർക്കും രോഗം പടരുന്നതെന്നാണ് കരുതുന്നത്. ജീവികളുടെ സ്വാഭാവിക ആവാസ വ്യവസ്ഥകള്‍ നഷ്‌ടപ്പെടുന്നത് മൂലം മൃഗങ്ങൾ മനുഷ്യരുമായി കൂടുതൽ അടുത്ത് ജീവിക്കുന്നതാണ് വൈറസ് ബാധ അധികമാകാൻ കാരണമെന്നാണ് വിദഗ്‌ധർ അഭിപ്രായപ്പെടുന്നത്.
ലക്ഷണങ്ങൾ:ചുമ, തലവേദന, തൊണ്ടവേദന, വയറിളക്കം, ഛർദ്ദി, ശ്വസന ബുദ്ധിമുട്ടുകൾ തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. ശരീരത്തിന് ബലക്കുറവും പേശി വേദനയും അനുഭവപ്പെട്ടേയ്ക്കാം. രോഗം മൂർച്ഛിച്ചാൽ മസ്‌തിഷ്‌കജ്വരം, തലച്ചോറിൽ വീക്കമുണ്ടാകുന്ന എൻസെഫലൈറ്റിസ് എന്ന അവസ്ഥകള്‍ വരെ എത്തിയേക്കാം. അതേസമയം വൈറസ് ബാധിച്ചാലും ചിലരിൽ രോഗലക്ഷണങ്ങൾ പ്രകടമാവില്ല.
മുൻകരുതലുകൾ:പക്ഷികളോ മൃഗങ്ങളോ കടിച്ച പഴങ്ങൾ ഒഴിവാക്കുകയാണ് പ്രാഥമികമായി ചെയ്യേണ്ടത്. രോഗികളുമായും സമ്പർക്ക സാധ്യതയുള്ള ആളുകളുമായും ഇടപെടലുകൾ പൂർണമായും ഒഴിവാക്കണം. വാക്‌സിൻ ലഭ്യമല്ലാത്തത് കൊണ്ട് തന്നെ പ്രതിരോധം മാത്രമാണ് അസുഖത്തെ ഇല്ലാതാക്കാനുള്ള ഒരേ ഒരു വഴി. രോഗലക്ഷണങ്ങൾക്ക് മാത്രമാണ് ചികിത്സ നൽകാനാകുക.
അമീബിക് മസ്‌തിഷ്‌ക ജ്വരം
കെട്ടിക്കിടക്കുന്നതോ ഒഴുക്കുള്ളതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ അപൂർവമായി വരുന്ന രോഗമായ അമീബിക് മസ്‌തിഷ്‌ക ജ്വരം 2024 ൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു. 97 ശതമാനം മരണ നിരക്കുള്ള രോഗം ആദ്യം സ്ഥിരീകരിച്ചത് കോഴിക്കോട് ആണ്. ലോകത്ത് ഇതുവരെ 30 ൽ താഴെ പേർ മാത്രം രോഗമുക്തി കൈവരിച്ചിട്ടുള്ള രോഗത്തിൽ നിന്നും കേരളത്തിൽ അസുഖം ബാധിച്ച ഭൂരിഭാഗം പേരും രോഗമുക്തി നേടി.
നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനേയും മസ്‌തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയില്‍ അപൂര്‍വമായുണ്ടാകുന്ന സുഷിരങ്ങള്‍ വഴിയോ കര്‍ണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാവുകയും ചെയ്യുക. അമീബിക് മസ്‌തിഷ്‌ക ജ്വരം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല.
ലക്ഷണങ്ങൾ:രോഗാണു പ്രവേശിച്ച് 1 മുതൽ 9 ദിവസങ്ങൾക്കുള്ളിൽ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങും. തീവ്രമായ തലവേദന, പനി, ചർദ്ദി എന്നിവയാണ് ആദ്യ ലക്ഷണങ്ങൾ. ഗുരുതരാവസ്ഥയിൽ അപസ്‌മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയവയും സംഭവിക്കും.
മുൻകരുതലുകൾ:കെട്ടിക്കിടക്കുന്ന വെള്ളത്തിലെയും നീർച്ചാലുകളിലെയും കുളി ഒഴിവാക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക തുടങ്ങിയവയിലൂടെ രോഗത്തെ പ്രതിരോധിക്കാം.