എറണാകുളം: ഡ്രൈവിംഗ് ലൈസൻസ് എടുക്കുന്നതിന് അവസരം നിഷേധിച്ചെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ച് ഭിന്നശേഷിക്കാരൻ. 18 വയസു പൂർത്തിയായ 40 ശതമാനം ഭിന്നശേഷിയുള്ള രുദ്രനാഥ് (22) എഎസിനാണ് അവസരം നിഷേധിച്ചത്. വലതു കൈക്കും ഇടതുകൈക്കും വ്യത്യാസമുള്ള യുവാവ് ഡ്രൈവിംഗ് സ്‌കൂൾ ആവശ്യപ്പെട്ടതനുസരിച്ച് അധികാരികളിൽ നിന്ന് ലൈസൻ എടുക്കുന്നതിനായുള്ള അനുമതിക്കായി അപേക്ഷ നൽകിയിരുന്നു.
വാഹനത്തിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാൽ താൻ യോഗ്യനാണെന്ന് തെളിയിക്കുന്ന മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് സഹിതം നൽകിയ അപേക്ഷ ട്രാൻസ്പോർട്ട് അധികൃതർ നിരസിക്കുകയായിരുന്നു. തുടർന്ന് ഉന്നത ഗതാഗത അധികാരികൾക്ക് മറ്റൊരു അപേക്ഷ നൽകിയെങ്കിലും അതും നിരസിക്കപ്പെട്ടു. ഇതിന് ശേഷമാണ് ഹൈക്കോടതിയെ സമീപിക്കാൻ യുവാവ് തീരുമാനിച്ചത്.
വാഹനം ഓടിക്കുന്നതിനുള്ള വൈദഗ്ധ്യവും പരിശീലനവും മെഡിക്കൽ ക്ലിയറൻസും ഉള്ള ഒരാൾക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റിൽ പങ്കെടുക്കാൻ അർഹതയുണ്ടെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ തനിക്ക് ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുള്ള അനുമതി നൽകണമെന്നും രുദ്രനാഥ് ആവശ്യപ്പെട്ടു.
ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണറുടെ തീരുമാനം ഭരണഘടന ആർട്ടിക്കിൾ 14 ഉറപ്പുനൽകുന്ന തുല്യതയ്ക്കുള്ള അവകാശത്തിൻ്റെ ലംഘനമാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഡ്രൈവിംഗ് ടെസ്റ്റിന് അവസരം നിഷേധിക്കാൻ മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ ഏകപക്ഷീയമായി ഉപയോഗിച്ചുവെന്നും ഹർജിക്കാരൻ പറയുന്നു. അതേസമയം കേസ് കോടതി നാളെ പരിഗണിക്കും.
Also Read: ഡ്രൈവിംഗ് പഠിക്കാം; കെഎസ്ആർടിസിയുടെ ഡ്രൈവിംഗ് സ്‌കൂൾ റെഡി, ഉദ്ഘാടനം ഉടൻ