കേരളം

kerala

ETV Bharat / state

യുഡിഎഫ് മലയോര യാത്ര, പിവി അന്‍വര്‍, ക്രിസ്ത്യന്‍ സഭകളുടെ കടുത്ത അമര്‍ഷം; വിവാദ വനനിയമ ഭേദഗതിയിൽ നിന്ന് ഗത്യന്തരമില്ലാതെ തലയൂരി സര്‍ക്കാര്‍ - GOVT STEP BACK FOREST ACT AMENDMENT

ഇന്ന് വൈകിട്ട് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ വനനിയമ ഭേദഗതി നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്.

CM ON STATE FOREST ACT AMENDMENTS  MAN WILD ANIMAL CONFLICT IN KERALA  വിവാദ വന നിയമ ഭേദഗതി  KERALA POLITICAL CONTROVERSIES
PINARAYI VIJAYAN (ETV Bharat)

By ETV Bharat Kerala Team

Published : Jan 15, 2025, 8:24 PM IST

തിരുവനന്തപുരം: വന്യമൃഗ ആക്രമണങ്ങളില്‍ ദിനംപ്രതി മനുഷ്യര്‍ക്ക് ജീവഹാനി സംഭവിക്കുന്നതിന്‍റെ അമര്‍ഷത്തില്‍ മലയോര മേഖല നീറിപ്പുകയുന്നതിനിടെ വിവാദ വന നിയമ ഭേദഗതി സര്‍ക്കാര്‍ അലമാരയില്‍ വച്ചു പൂട്ടിയതിന് കാരണങ്ങള്‍ പലത്. 17ന് നിയമസഭാ സമ്മേളനം ആരംഭിക്കാനിരിക്കെ, ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും നിയമസഭയില്‍ അവതരിപ്പിക്കേണ്ട ബില്ലുകളുടെ കൂട്ടത്തില്‍ ഈ ബില്ല് പരിഗണിക്കാതിരുന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ പിന്നാക്കം പോവുകയാണെന്ന് സംശയം ഉയര്‍ന്നിരുന്നു.

പിന്നാലെ വൈകിട്ട് 5 ന് മുഖ്യമന്ത്രി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ വനം ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് പരസ്യ പ്രഖ്യാപനം നടത്തിയത്. നിയമ ഭേദഗതിയുടെ കരട് പുറത്തു വന്നതു തന്നെ മലയോര മേഖലയുടെ വന്‍ എതിര്‍പ്പിന്‍റെ പുറത്തേറിയായിരുന്നു. ഇപ്പോള്‍ തന്നെ സ്വൈര്യ ജീവിതം നഷ്‌ടമായ ഈ മേഖലയിലെ ജനങ്ങളില്‍ ആശങ്കയുടെ അഗ്നി പടര്‍ത്തുന്ന ബില്ലായി ഇതു പൊടുന്നനെ മാറി.

വനം ഉദ്യോഗസ്ഥര്‍ക്ക് അമിതാധികാരം നല്‍കുന്ന വ്യവസ്ഥകളടങ്ങിയ ബില്ല്, നിയമമാകുന്നതോടെ ഈ മേഖലയില്‍ നിന്ന് തങ്ങളാകെ സ്വമേധയാ കുടിയൊഴിപ്പിക്കപ്പെടുമെന്ന ആശങ്ക പൊതുവേ ജനങ്ങളിലുയര്‍ന്നിരുന്നു. എല്ലാത്തിനുമുപരിയായി വര്‍ധിച്ചു വരുന്ന മനുഷ്യ മൃഗ സംഘര്‍ഷങ്ങളും.

ഇതിനൊപ്പം വനപാലകര്‍ക്ക് എല്ലാ അധികാരങ്ങളും ലഭിക്കുന്ന നിയമം കൂടിയായായാല്‍ തങ്ങളുടെ ജീവിതമാര്‍ഗവും ജീവിത മേഖലയും ഉപേക്ഷിക്കേണ്ടി വരുമെന്ന ആശങ്ക വന്‍തോതില്‍ ഈ മേഖലയിലെ ജനങ്ങളില്‍ സൃഷ്‌ടിക്കപ്പെട്ടു. മുതലെടുപ്പുമായി സിപിഎം വിമതന്‍ പിവി അന്‍വര്‍ ആദ്യം രംഗത്തിറങ്ങി അറസ്റ്റിലായി രക്തസാക്ഷിയായി.

പിന്നാലെ അന്‍വര്‍ ഈ വിഷയത്തില്‍ തൊടുത്ത അമ്പുകള്‍ ശക്തമായി പതിച്ചത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ ഹൃദയത്തിലായിരുന്നു. മാത്രമല്ല, ഈ വിഷയത്തില്‍ മലയോര മേഖലകളില്‍ ഏറെ സ്വാധീനമുള്ള ക്രിസ്ത്യന്‍ സഭകളുടെ എതിര്‍പ്പ് മുതലെടുക്കാനുള്ള അന്‍വറിന്‍റെ ശ്രമങ്ങളിലെ അപകടവും മുഖ്യമന്ത്രിയും സിപിഎമ്മും തിരിച്ചറിഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അന്‍വറിന്‍റെ ഈ വിഷയത്തിലെ ആത്മാര്‍ത്ഥത എങ്ങനെ അദ്ദേഹം രാഷ്ട്രീയ ആയുധമാക്കുന്നു എന്ന തിരിച്ചറിവില്‍ നിന്നാണ് ജനുവരി 13 ന് ചേര്‍ന്ന യുഡിഎഫ് യോഗം ബില്ലിനെതിരെ മലയോര പ്രചാരണ യാത്രയ്ക്കു തീരുമാനിച്ചത്. ജനുവരി 27 മുതല്‍ ഫെബ്രുവരി 5 വരെ കേരളത്തിന്‍റെ മലയോര മേഖലയുടെ വടക്കേ അറ്റമായ ഇരിക്കൂറില്‍ നിന്നാരംഭിച്ച് തിരുവനന്തപുരം ജില്ലയിലെ അമ്പൂരിയില്‍ സമാപിക്കുന്ന തരത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നേതൃത്വം നല്‍കുന്ന യാത്രയാണ് യുഡിഎഫ് ആസൂത്രണം ചെയ്‌തത്.

ഈ യാത്ര ഇന്നത്തെ സാഹചര്യത്തില്‍ മലയോര മേഖലകളിലുണ്ടാക്കാവുന്ന സ്വാധീനം അതിവേഗം സിപിഎം മനസിലാക്കി. ഈ വര്‍ഷം മധ്യത്തോടെ തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും ഇതുണ്ടാക്കുന്ന ആഘാതം ചെറുതായിരിക്കില്ലെന്ന വിലയിരുത്തലുമുണ്ടായി.

എല്‍ഡിഎഫിന് തുടര്‍ ഭരണം ലഭിക്കാന്‍ സഹായകമാകുന്ന തരത്തില്‍ മധ്യ തിരുവിതാംകൂറിലെ ക്രിസ്ത്യന്‍ മേഖലകള്‍ എല്‍ഡിഎഫിന് അനുകൂലമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിനും ബില്ല് കീറാമുട്ടിയായി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിലും ഇത് തങ്ങളുടെ സ്വാധീന മേഖലകളില്‍ വിള്ളലുണ്ടാക്കുമെന്ന തിരിച്ചറിവ് കേരള കോണ്‍ഗ്രസിനുണ്ടായി.

ബില്ലിനെ പരസ്യമായി തള്ളിപ്പറയുകയല്ലാതെ ഈ പ്രതിസന്ധി കടക്കാന്‍ വഴിയില്ലെന്ന് കണ്ട കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ആ വഴി സ്വീകരിച്ചു. ഇതോടെ ജോസ് കെ മാണി വിഭാഗത്തിന്‍റെ മുന്നണി മാറ്റം സംബന്ധിച്ച ഊഹാപോഹങ്ങളുമുയര്‍ന്നു. മുഖ്യമന്ത്രിയെ മാണി വിഭാഗം എതിര്‍പ്പറിയിച്ചത് ഇതെല്ലാം മുന്നില്‍ കണ്ടായിരുന്നു.

എങ്കിലും യുഡിഎഫ് യാത്രയും പിവി അന്‍വര്‍ അറ്റാക്കുമാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. അതിനിടെ തങ്ങള്‍ മലയോര യാത്ര പ്രഖ്യാപിച്ചതിന്‍റെ ഫലമാണ് സര്‍ക്കാറിന്‍റെ പിന്‍മാറ്റത്തിന് കാരണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍ അവകാശപ്പെട്ടു. അതേസമയം ഇതുകൊണ്ടൊന്നും യാത്രയ്ക്കു മാറ്റമുണ്ടാകില്ലെന്നും വാര്‍ത്താക്കുറിപ്പില്‍ അദ്ദേഹം വ്യക്തമാക്കി.

Also Read:'ഇരുളടഞ്ഞ പാതയില്‍ ജ്വലിച്ച സൂര്യൻ, ചെമ്പടയ്ക്ക് കാവലാള്‍', കാരണഭൂതന് പിന്നാലെ പിണറായിക്ക് വീണ്ടും സ്‌തുതി ഗാനം

ABOUT THE AUTHOR

...view details