തിരുവനന്തപുരം : വിൽപ്പന കരാർ ലംഘിച്ചതിന് പൊലീസ് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബിന്‍റെ ഭാര്യയുടെ പേരിലുള്ള സ്ഥലം ജപ്‌തി ചെയ്യാൻ ഉത്തരവ്. തിരുവനന്തപുരം സബ് കോടതിയാണ് ഉത്തരവിട്ടത്. ഭൂമി വിൽക്കാനായി 30 ലക്ഷം മുൻകൂർ വാങ്ങിയ ശേഷം കരാർ ലംഘിച്ചെന്ന പരാതിയിലാണ് നടപടി.
സ്ഥലത്തിന് ബാധ്യത ഉണ്ടായിരുന്നെന്ന കാര്യം ആദ്യം ഡിജിപി പറഞ്ഞില്ലെന്നും ബാധ്യത ഇല്ലെന്നാണ് കരാറിൽ പറഞ്ഞിരുന്നതെന്നും സംസ്ഥാന പൊലീസ് മേധാവിക്കെതിരെ കേസ് നൽകിയ പരാതിക്കാരൻ ഉമർ ഷെരീഫിന്‍റെ ആരോപണം. 2023 ജൂൺ 22 നാണു കരാർ എഴുതിയത്. മൂന്നു തവണ ആയിട്ടാണ് 30 ലക്ഷം കൊടുത്തത്. അഞ്ചു ലക്ഷം രൂപ ഡിജിപിയുടെ ഓഫിസിൽ കൊണ്ട് പോയി നേരിട്ടാണ് കൊടുത്തത്.
ഇതോടെയാണ് കൊടുത്ത പണം തിരികെ ആവശ്യപ്പെട്ടത്. നിരവധി തവണ പണം ആവശ്യപ്പെട്ടിട്ടും തിരിച്ചു നൽകിയില്ല. ഒരു വർഷം ആയപ്പോഴാണ് വക്കീൽ നോട്ടിസ് അയച്ചതെന്നും ഉമർ ഷെരീഫ് അരോപിക്കുന്നു. അതേസമയം ഭൂമി ഇടപാടിൽ ഒരു പിൻവാങ്ങലും നടന്നിട്ടില്ലെന്ന് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹിബ് പ്രതികരിച്ചു.