ന്യൂഡല്‍ഹി: കേരള ഗവർണറായി അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന്‍ സ്ഥാനമൊഴിയുമ്പോൾ പകരക്കാരാനായി ഏറ്റവുമധികം പറഞ്ഞുകേൾക്കുന്ന പേരാണ് അഡ്‌മിറല്‍ ദേവേന്ദ്ര കുമാർ ജോഷി. നാവിക സേന മുൻ മേധാവി കൂടിയായ ദേവേന്ദ്ര കുമാർ നിലവിൽ ആൻഡമാൻ നിക്കോബാർ ലഫ്റ്റനന്‍റ് ഗവർണറാണ്. ഇന്ത്യന്‍ നാവിക സേനയുടെ 21-മത് മേധാവിയായിരുന്നു അഡ്‌മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി.
ആരാണ് അഡ്‌മിറല്‍ ദേവേന്ദ്രകുമാര്‍ ജോഷി
2012 ഓഗസ്‌റ്റ് 31 മുതല്‍ 2014 ഫെബ്രുവരി 26 വരെ നാവികസേനാ മേധാവിയായി സേവനം അനുഷ്‌ഠിച്ചു. എന്നാൽ ഐഎന്‍എസ് സിന്ധുരത്‌നയിലേത് അടക്കം തുടര്‍ച്ചയായുണ്ടായ അപകടങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ദേവേന്ദ്ര കുമാര്‍ ജോഷി നാവിക സേനാ മേധാവി സ്ഥാനം രാജിവെക്കുകയായിരുന്നു. ഇത്തരത്തില്‍ നാവികസേനാ മേധാവി പദം രാജിവെക്കുന്ന ആദ്യ വ്യക്തി കൂടിയാണ് ദേവേന്ദ്ര കുമാര്‍ ജോഷി.
ഇന്ത്യന്‍ നേവല്‍ അക്കാദമിയില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ ദേവേന്ദ്ര കുമാര്‍ ജോഷി 1974 ഏപ്രില്‍ ഒന്നിനാണ് ഇന്ത്യന്‍ നേവിയില്‍ ചേരുന്നത്. പരം വിശിഷ്‌ട സേവാ മെഡല്‍, അതി വിശിഷ്‌ട സേവാ മെഡല്‍, യുദ്ധ സേവാ മെഡല്‍, നൗ സേനാ മെഡല്‍, വിശിഷ്‌ട സേവാ മെഡല്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
നിലവില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ ആയി സേവനമനുഷ്‌ഠിക്കുകയാണ്. ദ്വീപുകളുടെ വികസന ഏജന്‍സി അധ്യക്ഷനായും പ്രവര്‍ത്തിക്കുന്നുണ്ട്.
2020 ല്‍ ഉത്തരാഖണ്ഡ് യുദ്ധ സ്‌മാരകത്തിന്‍റെ രക്ഷാധികാരിയായി അദ്ദേഹം നിയോഗിക്കപ്പെട്ടിരുന്നു. അന്ന് യുദ്ധസ്‌മാരക ട്രസ്‌റ്റിലേക്ക് തന്‍റെ മുഴുവന്‍ പുരസ്‌കാരത്തുകകളും അദ്ദേഹം സംഭാവന ചെയ്‌തത് വാർത്തകളില്‍ നിറഞ്ഞിരുന്നു.
ഇന്ത്യന്‍ ഫോറസ്‌റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന ഹിര ബല്ലഭ് ജോഷിയുടെയും ഹസ്‌ന ജോഷിയുടെയും മകനായി 1954 ജൂലൈ നാലിനാണ് ദേവേന്ദ്രകുമാര്‍ ജനിച്ചത്. പിതാവിന്‍റെ ജോലി സ്ഥലങ്ങള്‍ക്കനുസരിച്ച് വിവിധയിടങ്ങളിലായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.
പിന്നീട് ഡല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള ഹന്‍സ് രാജ് കോളജില്‍ നിന്ന് ചേര്‍ന്നു. ഈ പഠന കാലയളവിലാണ് നാവിക സേനയുടെ എക്‌സിക്യൂട്ടീവ് ബ്രാഞ്ചിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. കടലിന്‍റെ നിഗൂഢതകളോടുള്ള താത്പര്യമാണ് തന്നെ നാവികസേനയിലെത്തിച്ചതെന്ന് അദ്ദേഹം ഒരിക്കല്‍ പറയുകയുണ്ടായി.
താന്‍ മലകള്‍ നിറഞ്ഞ ഭൂവിഭാഗത്തില്‍ ജനിച്ച് വളര്‍ന്ന ആളാണ് അതുകൊണ്ടുതന്നെ തനിക്ക് സമുദ്രം എന്നും ഒരു അത്ഭുതം തന്നെ ആയിരുന്നു. തന്‍റെ കുടുംബത്തിലാരും നാവികസേനയില്‍ മുമ്പ് ഉണ്ടായിരുന്നുമില്ല. അതുകൊണ്ട് സൈനിക സേവനത്തെക്കുറിച്ച് തന്‍റെ മാതാപിതാക്കള്‍ക്ക് വലിയ മതിപ്പൊന്നുമുണ്ടായിരുന്നുമില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ഗവര്‍ണര്‍ സ്ഥാനത്തേക്ക് ആര്‍എസ്‌എസ് ബിജെപി നേതാക്കള്‍:
വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവർണർ പദവികളിൽ അഴിച്ചുപണി നടത്തുന്നതിന്‍റെ ഭാഗമായി മൂന്ന് മുതൽ അഞ്ച് വർഷം വരെ സ്ഥാനത്ത് തുടര്‍ച്ചയായി നിന്നവരെ മാറ്റാനാണ് കേന്ദ്രത്തിന്‍റെ നീക്കം. കേരളം, ഉത്തര്‍പ്രദേശ്, ജമ്മു കശ്‌മീര്‍, ഗോവ, ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ കേന്ദ്രഭരണ പ്രദേശങ്ങൾ, ദാദർ നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലെ ഗവർണർമാർ മാറിയേക്കുമെന്നാണ് സൂചന. ജമ്മു കശ്‌മീരിലെ ലെഫ്റ്റനന്‍റ് ഗവര്‍ണര്‍ പദവിയില്‍ 4 വര്‍ഷം പൂര്‍ത്തിയാക്കിയ മനോജ് സിന്‍ഹയ്ക്ക് പകരം ആര്‍എസ്എസ് നേതാവും ബിജെപി മുന്‍ ജനറല്‍ സെക്രട്ടറിയുമായ രാം മാധവ് പുതിയ ലഫ്റ്റനന്‍റ് ഗവര്‍ണറായേക്കുമെന്നും സൂചനയുണ്ട്.
ബിജെപിയുടെ മുതിര്‍ന്ന നേതാക്കളും ഗവര്‍ണര്‍ പദവിയിലേക്ക് എത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത മുതിര്‍ന്ന ബിജെപി നേതാക്കളെ ഗവര്‍ണര്‍ സ്ഥാനത്തേക്കും ലഫ്. ഗവര്‍ണര്‍ സ്ഥാനത്തേക്കും പരിഗണിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. മുന്‍ എംപിമാരായ അശ്വനി ചൗബെ, വികെ സിങ്, മുഖ്‌താര്‍ അബ്ബാസ് നഖ്‌വി എന്നിവരും ഗവര്‍ണര്‍ സ്ഥാനത്തേക്ക് എത്താൻ സാധ്യതയുണ്ട്. ഗവര്‍ണര്‍ പദവിയില്‍ അഞ്ച് വർഷം കാലാവധി പൂര്‍ത്തിയാക്കിയ ആരിഫ് മുഹമ്മദ് ഖാന് മറ്റൊരു പദവി നല്‍കിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
ഗോവ ഗവർണർ പിഎസ് ശ്രീധരൻപിള്ളയെയും മാറ്റിയേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കര്‍ണാടക ഗവര്‍ണര്‍ തവര്‍ ചന്ദ് ഗെഹലോട്ട്, ഹരിയാന ഗവര്‍ണര്‍ ബന്ദാരു ദത്താത്രേയ, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ എന്നിവരെയും മാറ്റും.
മഹാരാഷ്‌ട്ര, ജാർഖണ്ഡ് എന്നിവിടങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പിന് ശേഷമാകും ഗവര്‍ണര്‍മാരെ മാറ്റുന്ന കാര്യത്തില്‍ കേന്ദ്രത്തില്‍ നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക എന്നാണ് വിവരം.
Read Also:പി സരിന്‍ പുറത്ത്; പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കുന്നു എന്ന് കോണ്‍ഗ്രസ്