പത്തനംതിട്ട:അയ്യപ്പന്മാർ ഇരുമുടിക്കെട്ടില്‍ കൊണ്ടുവരുന്ന വസ്‌തുക്കളില്‍ മാലിന്യമായി മാറാന്‍ സാധ്യതയുള്ള വസ്‌തുക്കൾ ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്. ഇരുമുടിക്കെട്ടിൽ നിന്ന് കർപ്പൂരം, ചന്ദനത്തിരി, പനിനീര് എന്നിവ ഒഴിവാക്കാനാണ് നിർദേശം. ഇരുമുടിക്കെട്ടിൽ ഉൾപ്പെടുത്താവുന്ന സാധനങ്ങളുടെ പുതിയ പട്ടികയും ദേവസ്വം ബോർഡ് നിശ്ചയിച്ചു. ഈ പട്ടിക വൈകാതെ പ്രസിദ്ധീകരിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കർപ്പൂരവും സാമ്പ്രാണിയും പൂജാ സാധനങ്ങൾ ആണെങ്കിലും തീപിടിത്തത്തിനുള്ള സാധ്യത കണക്കിലെടുത്ത് ഇവ സന്നിധാനത്തുവച്ച് കത്തിക്കാൻ അനുവദിക്കാറില്ല. ഇക്കാരണത്താല്‍ ഭക്‌തർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന സാധനങ്ങളിൽ വലിയൊരു ഭാഗവും മാലിന്യമായി മാറുകയാണ് പതിവ്. ഇത്തരത്തിലുള്ള മാലിന്യങ്ങൾ പാണ്ടിത്താവളത്തിലെ ഇൻസിനറേറ്ററിൽ കൊണ്ടുപോയി കത്തിച്ചു കളയുകയേ നിവൃത്തിയുള്ളൂ. ഈ സാഹചര്യം ഒഴിവാക്കാനാണ് പുതിയ നിർദേശമെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
തന്ത്രി കണ്‌ഠരര് രാജീവരുടെ അഭിപ്രായം സ്വീകരിച്ച ശേഷമാണ് ഇരുമുടിക്കെട്ടിൽ നിന്ന് ഈ വസ്‌തുക്കൾ ഒഴിവാക്കാൻ തീരുമാനിച്ചത്. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ക്ഷേത്രങ്ങളിൽ നടക്കുന്ന കെട്ടുനിറകളില്‍ ഇവ ഒഴിവാക്കണമെന്ന് കാണിച്ച് സർക്കുലർ ഇറക്കുമെന്നും ബോർഡ് പ്രസിഡൻ്റ് പിഎസ് പ്രശാന്ത്, അംഗം എ അജികുമാർ എന്നിവർ പറഞ്ഞു.
ഇതിനു പുറമേ കൊച്ചി, മലബാർ ദേവസ്വം ബോർഡിനും ഇതുസംബന്ധിച്ച് കത്ത് നൽകും. സംസ്ഥാനത്തെ സ്വകാര്യ ക്ഷേത്ര ഭരണസമിതികൾ, ഇതര സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാർ എന്നിവരോട് അഭ്യർഥനയും നടത്തും.
രണ്ട് ഭാഗങ്ങളുളള ഇരുമുടിക്കെട്ടിൻ്റെ മുൻകെട്ടിൽ ശബരിമലയിൽ സമർപ്പിക്കാനുള്ള സാധനങ്ങളും പിൻകെട്ടിൽ ഭക്ഷണപദാർഥങ്ങളുമാണ്. പണ്ടൊക്കെ ഭക്തർ കാൽനടയായി വന്നപ്പോഴാണ് ഇടയ്‌ക്ക് താവളം അടിച്ച് ഭക്ഷണം ഒരുക്കാൻ അരി നാളികേരം തുടങ്ങിയവ പിൻകെട്ടിൽ കൊണ്ടുവന്നിരുന്നത്. ഇപ്പോൾ എല്ലായിടവും ഭക്ഷണസൗകര്യം ഉള്ളതിനാൽ അതിൻ്റെ ആവശ്യമില്ല. പിൻകെട്ടിൽ കുറച്ച് അരി കരുതിയാൽ മതി. ഇത് ശബരിമലയിൽ സമർപ്പിച്ചാൽ വെള്ള നിവേദ്യം വാങ്ങാം. മുൻകെട്ടിൽ വേണ്ടത് ഉണക്കലരി, നെയ് തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില ,അടയ്‌ക്ക, കാണിപ്പൊന്ന് എന്നിവ മാത്രം മതിയെന്നും തന്ത്രിയുടെ കത്തിൽ പറയുന്നു.
Also Read:ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനം: എഐ ക്യാമറ, കണ്‍ട്രോള്‍ റൂം, എലിഫന്‍റ് സ്‌ക്വാഡ്, സുസജ്ജമായി വനം വകുപ്പ്