തിരുവനന്തപുരം: വരുന്ന മണ്ഡലം-മകരവിളക്ക് സീസണില്‍ ശബരിമല ദര്‍ശനത്തിന് വെര്‍ച്വല്‍ ക്യൂ ബുക്കിങ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍ നിന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പിന്‍വാങ്ങുന്നു. വെര്‍ച്വല്‍ക്യൂ ബുക്കിങ് ഇല്ലാത്തവര്‍ അടക്കം ശബരിമലയില്‍ എത്തുന്ന ഒരാള്‍ക്കും ദര്‍ശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പിഎസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ പകരം സ്‌പോട് ബുക്കിങ് ഏര്‍പ്പെടുത്തുമോ എന്ന കാര്യം പ്രസിഡന്‍റ് വ്യക്തമാക്കിയില്ല.
സര്‍ക്കാര്‍ വിളിച്ച ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നതിനാല്‍ ഇന്ന് ദേവസ്വം ബോര്‍ഡ് കൈക്കൊണ്ട തീരുമാനം സര്‍ക്കാരിനെ അറിയിക്കുമെന്ന് പ്രസിഡന്‍റ് പറഞ്ഞു. സപോട് ബുക്കിങ്ങിന് പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിനോട് ബോര്‍ഡ് ആവശ്യപ്പെടും. സര്‍ക്കാരുമായി ആലോചിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളും.
വെര്‍ച്വല്‍ ക്യൂ എന്നത് ശബരിമലയിലത്തുന്ന ഓരോ ഭക്തരുടെയും ആധികാരിക രേഖയാണ്. എന്നാല്‍ സ്‌പോട് ബുക്കിങ് എന്നത് ശബരിമല പ്രവേശനത്തിനുള്ള പ്രവേശന അനുമതി രേഖ മാത്രമാണ്. ഇന്നത്തെ മാറിയ സാഹചര്യത്തില്‍ ശബരിമലയിലെത്തുന്ന ഓരോ ഭക്തരുടെയും ആധികാരിക വിവരങ്ങള്‍ അവരുടെ സുരക്ഷയ്ക്കും ക്ഷേത്ര സുരക്ഷയ്ക്കും അത്യാവശ്യമാണ്. അതിനാല്‍ അത്തരം ആധികാരിക രേഖ ദേവസ്വം ബോര്‍ഡിന്‍റെ കൈവശം ഉണ്ടായേ മതിയാകൂ. ഇക്കാര്യത്തില്‍ വിട്ടു വീഴ്‌ച ചെയ്യാനാകില്ല.
ഓരോ ദിവസവും എത്തിച്ചേരുന്ന ഭക്തരുടെ വിവരങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിയുന്നത് ശബരിമലയിലെ തിരക്ക് ശാസ്ത്രീയമായി നിയന്ത്രിക്കുന്നതിന് സഹായിക്കും. ഭക്തര്‍ക്ക് സുഗമമായ ദര്‍ശനം, പ്രസാദം, അപ്പം, അരവണ എന്നിവ സുഗമായി ലഭിക്കുന്നതിനുള്ള സാഹചര്യം ഇതിലൂടെ ലഭിക്കും. ഓരോ വര്‍ഷവും സ്‌പോട് ബുക്കിങ്ങിലൂടെ ശബരിമലയിലെത്തുന്നവരുടെ എണ്ണം കൂടി വരികയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക