മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിന്നുള്ള ദൃശ്യങ്ങള്‍ (ETV Bharat) കോഴിക്കോട് :വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിലെ മരണ സംഖ്യ 151 ആയി. 98 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാറില്‍ നിന്നുള്ള റിപ്പോര്‍ട്ട്. അതേസമയം 200 പേരെ കണ്ടെത്താനുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.
അപകടത്തില്‍ പരിക്കേറ്റ 200ഓളം പേര്‍ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി വൈകി താത്‌കാലികമായി നിര്‍ത്തിയ രക്ഷ പ്രവര്‍ത്തനം രാവിലെ പുനരാരംഭിച്ചു. പലയിടത്തായി കുടുങ്ങിക്കിടന്നവരെ രക്ഷിച്ചതായി ഫയര്‍ ഫോഴ്‌സ് അറിയിച്ചിരുന്നു.
ഉരുൾപൊട്ടലിന്‍റെ പ്രഭവ കേന്ദ്രമായ മുണ്ടക്കൈ, പുഞ്ചിരിമുട്ടം എന്നിവിടങ്ങളിൽ നിന്നാണ് ഇന്നലെ (ജൂണ്‍ 30) നിരവധി പേരുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹങ്ങളെല്ലാം ഉടന്‍ തന്നെ മേപ്പാടി ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
ഇപ്പോഴും പല ഭാഗത്തായി ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികള്‍ അടക്കം നൂറോളം പേര്‍ പ്രദേശത്തെ ഒരു മുസ്‌ലീം പള്ളിയിൽ അഭയം പ്രാപിച്ചിരിക്കുകയാണ്. ഇന്ന് (ജൂണ്‍ 31) കേന്ദ്ര-സംസ്ഥാന ഏജൻസികൾ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങും. പാറക്കഷണങ്ങൾക്കും തകര്‍ന്ന വീടുകൾക്കും മണ്ണിനടിയിലും കുടുങ്ങിപ്പോയവരെ കണ്ടെത്താനാവും ശ്രമം. പ്രദേശത്തെ പാടികൾ പലതും ഒഴുകിപ്പോയി. ഇതിലുണ്ടായിരുന്ന അതിഥി തൊഴിലാളികളെ രക്ഷിക്കാനായോയെന്ന് വ്യക്തമല്ല. ഇന്നത്തെ തെരച്ചിലോടെ ദുരന്തത്തിന്‍റെ ചിത്രം വ്യക്തമാകുമെന്നാണ് കരുതുന്നത്.
പോസ്‌റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ വിട്ടു നൽകുന്ന പ്രവൃത്തികളും യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. മൃതദേഹം സൂക്ഷിക്കാൻ നിരവധി പേരാണ് മൊബൈൽ ഫ്രീസറുകളുമായി മറ്റ് ജില്ലകളിൽ നിന്നും വയനാട്ടിലേക്ക് എത്തുന്നത്.
Also Read :രാത്രി വൈകിയും രക്ഷാപ്രവര്‍ത്തനം; കുടുങ്ങി കിടന്നവരെ രക്ഷപ്പെടുത്തി - Wayanad Landslide death Toll