തിരുവനന്തപുരം :വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ കുഞ്ഞിന്‍റെ അച്ഛനായ നയാസിന്‍റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്തു. ആദ്യ ഭാര്യയിലെ മകളുടെ ഗുരുവാണ് ഇന്നലെ പിടിയിലായ അക്യുപങ്ചര്‍ ചികിത്സകന്‍ ഷിഹാബുദ്ദീന്‍. ഇത് തിരിച്ചറിഞ്ഞതോടെയാണ് നേമം പൊലീസ് നയാസിന്‍റെ ആദ്യ ഭാര്യയേയും സംഭവത്തില്‍ പ്രതി ചേര്‍ത്തത്.
വീട്ടിൽ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവം; നയാസിന്‍റെ ആദ്യ ഭാര്യയേയും പ്രതി ചേർത്തു - പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ചു
വീട്ടിൽ പ്രസവത്തിനിടെ വിദഗ്‌ധ ചികിത്സ കിട്ടാത്തതിനാല്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കുഞ്ഞിന്‍റെ അച്ഛന്‍റെ ആദ്യ ഭാര്യയെ പ്രതി ചേര്‍ത്ത് പൊലീസ്.
Published : Feb 24, 2024, 10:37 AM IST
യുവതിയും കുഞ്ഞും പ്രസവത്തിനിടെ മരിക്കുന്നതിന്‍റെ തലേ ദിവസവും ഷിഹാബുദ്ദീന്‍ നയാസിന്‍റെ വീട്ടിലെത്തിയിരുന്നതായി അയല്‍ക്കാരുടെ മൊഴിയുണ്ട്. എന്നാല്‍ നയാസിന്‍റെ ആദ്യ ഭാര്യ എവിടെയെന്ന് വ്യക്തമല്ല. നിലവില്‍ ഇവര്‍ ഒളിവിലാണെന്നാണ് നേമം പൊലീസ് സ്റ്റേഷനില്‍ നിന്നും അറിയിച്ചത്.
സംഭവത്തില്‍ വെഞ്ഞാറമൂട് സ്വദേശിയായ ഷിഹാബുദ്ദീനെ ഇന്നലെ കൊച്ചിയില്‍ നിന്നുമാണ് പിടികൂടിയത്. ചൊവ്വാഴ്‌ചയാണ് പ്രസവ ശേഷം വിദഗ്‌ധ ചികിത്സ കിട്ടാത്തതിനാല്‍ പാലക്കാട് സ്വദേശിനി ഷെറീനയും കുഞ്ഞും തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തെ വീട്ടില്‍ വച്ച് മരിച്ചത്. ഷെറീന ഗര്‍ഭിണിയായിരിക്കുന്ന സമയം മുതല്‍ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും നിരവധി തവണ ആശുപത്രിയില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടും ഇരുവര്‍ക്കും ഭര്‍ത്താവ് ചികിത്സ നിഷേധിക്കുകയായിരുന്നു. ഷിഹാബുദ്ദീന്‍റെ സഹായത്തോടെ അക്യുപങ്ചര്‍ ചികിത്സയാണ് നയാസ് ഇവര്‍ക്ക് നല്‍കിയത്.