ഫെന്‍ജല്‍ കേരളത്തിലൂടെ അറബിക്കടലിലേക്ക്; രാത്രി മുതല്‍ പുലര്‍ച്ചെ വരെ അതീവ ജാഗ്രത, മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത - CYCLONE FENGAL TO KERALA
ഫെൻജൽ ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്നു പോകുക ഇന്ന് രാത്രിക്കും നാളെ പുലർച്ചയ്ക്കും ഇടയിൽ. മുന്നറിയിപ്പ് വടക്കന്‍ കേരളത്തിലും മധ്യ കേരളത്തിലും.
കാസർകോട്: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫെൻജൽ ചുഴലിക്കാറ്റ് അറബിക്കടലിലേക്കുള്ള പ്രയാണം തുടരുകയാണ്. ചുഴലിക്കാറ്റിന്‍റെ ശക്തി കുറഞ്ഞിട്ടുണ്ടെങ്കിലും അറബിക്കടലില്‍ ചേരും വരെ അതീവ ജാഗ്രത വേണമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും അറിയിക്കുന്നത്. ഫെന്‍ജല്‍ ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്നു പോകുക ഇന്ന് (തിങ്കളാഴ്‌ച ) രാത്രിക്കും നാളെ (ചൊവ്വാഴ്ച ) പുലർച്ചയ്ക്കും ഇടയിലായിരിക്കും. കാറ്റിന് മുന്നോടിയായി ഇന്ന് വൈകിട്ട് മുതൽ മധ്യ-വടക്കൻ കേരളത്തിൽ അതിശക്തമായ മഴയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. കാറ്റിന് വേഗത കുറവായിരിക്കുമെങ്കിലും അതിശക്തമായ മഴ ഉണ്ടാകും.
കണ്ണൂരിനും മംഗലാപുരത്തിനും ഇടയിലൂടെ തന്നെയാകും ഫെൻജൽ അറബിക്കടലിലേക്ക് കടക്കുക എന്ന് തന്നെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രതീക്ഷിക്കുന്നത്. രാവിലെയോടെ കാറ്റ് ദുർബലമായി അറബിക്കടലിലേക്ക് പ്രവേശിക്കും. കടന്നുപോകുന്ന സ്ഥലത്തിലും സമയത്തിലും ചില മാറ്റങ്ങളും പ്രതീക്ഷിക്കാം.
Satellite View (IMD)
ചുഴലിക്കാറ്റിന്‍റെ പ്രഭാവം കടന്നുപോയാൽ മഴ കുറയും. നാളെ (ചൊവ്വാഴ്ച ) ഉച്ചയോടെ മഴയ്ക്ക് ശമനം ഉണ്ടാകുമെന്നാണ് കണക്ക് കൂട്ടൽ. പല ജില്ലകളിലും ഇപ്പോൾ കനത്ത മഴ പെയ്യുന്നുണ്ട്.
വൈകിട്ടോടെ ഇത് ശക്തമാകും.വടക്കന്‍ കേരളത്തിലെ അഞ്ചു ജില്ലകളില്‍ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മുന്നൊരുക്കങ്ങൾ നടത്താൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Rain Fall Map (IMD)
24 മണിക്കൂറില്‍ 7 സെന്‍റീമിറ്റര്‍ മുതല്‍ 22 സെന്‍റീമിറ്റര്‍ വരെയുള്ള തീവ്ര മഴക്കും 12 സെന്‍റീമിറ്റര്‍ മുതല്‍ 20 സെന്‍റീമിറ്റര്‍ വരെയുള്ള അതി തീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്നാണ് പ്രവചനം.ബുധനാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ട്. കേരളാ തീരത്ത് കാറ്റിന്‍റെ വേഗത മണിക്കൂറില്‍ 35 - 45 കിലോമീറ്റര്‍ മുതല്‍ 55 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുണ്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Rain Alert District Wise (IMD)
റവന്യൂ മന്ത്രി കെ രാജൻ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ചർച്ച നടത്തി കാര്യങ്ങൾ വിലയിരുത്തി. കോട്ടയം ഇടുക്കി, വയനാട്, പത്തനംതിട്ട, കണ്ണൂര്‍ ജില്ലകളിലും റെഡ് അലർട്ടാണ്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാൽ ഇത് മലവെള്ളപ്പാച്ചിലേക്കും മിന്നൽ പ്രളയം പോലുള്ള സാഹചര്യത്തിലേക്കും വഴി വച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
പൊതുജനങ്ങൾക്കുള്ള പ്രത്യേക നിർദേശങ്ങൾ
ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയിൽ മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകൽ സമയത്ത് തന്നെ മാറി താമസിക്കാൻ ആളുകൾ തയ്യാറാവണം.
സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നിൽ കാണുന്നവർ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുൻകരുതലിന്‍റെ ഭാഗമായി മാറി താമസിക്കണം.
സ്വകാര്യ - പൊതു ഇടങ്ങളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ/പോസ്റ്റുകൾ/ബോർഡുകൾ, മതിലുകൾ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങൾ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തേണ്ടതാണ്.
വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം. മത്സ്യബന്ധനോപാധികൾ സുരക്ഷിതമാക്കിവക്കണം.
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളിൽ അത്യാവശ്യമല്ലാത്ത യാത്രകൾ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങൾ, ജലാശയങ്ങൾ, മലയോര മേഖലകൾ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകൾ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേർന്ന റോഡുകളിലൂടെയുള്ള യാത്രകളിൽ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റ പണികൾ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തിൽ റോഡപകടങ്ങൾ വർദ്ധിക്കാൻ സാധ്യത മുന്നിൽ കാണണം.
റെഡ്, ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ മുൻകൂറായി ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റെവന്യൂ-തദ്ദേശ സ്ഥാപന അധികാരികളിൽ നിന്ന് മുൻകൂറായി അറിഞ്ഞു വെക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസ്സിലാക്കി വെക്കേണ്ടതുമാണ്.
ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്‌ച കാണുകയോ സെൽഫി എടുക്കുകയോ കൂട്ടം കൂടി നിൽക്കുകയോ ചെയ്യാൻ പാടുള്ളതല്ല.
മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കുക.
വൈദ്യതി ലൈനുകൾ പൊട്ടി വീണ് കൊണ്ടുള്ള അപകടങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ ഇടവഴികളിലേയും നടപ്പാതകളിലേയും വെള്ളക്കെട്ടുകളിൽ ഇറങ്ങുന്നതിന് മുന്നേ വൈദ്യുതി അപകട സാധ്യത ഇല്ല എന്ന് ഉറപ്പാക്കണം. അതിരാവിലെ ജോലിക്ക് പോകുന്നവർ, ക്ലാസുകളിൽ പോകുന്ന കുട്ടികൾ തുടങ്ങിയവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയിൽ പെട്ടാൽ 1912 എന്ന നമ്പറിൽ KSEB യെ അറിയിക്കുക.
കൺട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാം:കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂർ പ്രവർത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോൾ റൂമുകൾ പ്രവർത്തിക്കുന്നുണ്ട്. അപകട സാധ്യത മുന്നിൽ കാണുന്ന ഘട്ടത്തിലും സഹായങ്ങൾക്കുമായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.