കണ്ണൂര്‍ :കൊടും ചൂടില്‍ വിളനാശത്തിന്‍റെ നഷ്‌ടത്തില്‍ കര്‍ഷകര്‍ വലയുന്നു. ഉത്‌പന്നത്തിന്‍റെ വില കൂടുമെങ്കിലും വിള നഷ്‌ടം കർഷകർക്ക് ഇടിത്തീയാവുകയാണ്. കേരോത്‌പന്നങ്ങളുടേയും കുരുമുളകിന്‍റെയും വില കൂടിയെങ്കിലും കര്‍ഷകര്‍ക്ക് യാതൊരു മെച്ചവുമുണ്ടാകുന്നില്ല.
ഉത്‌പന്നത്തിന്‍റെ ലഭ്യതക്കുറവാണ് കര്‍ഷകര്‍ നേരിടുന്ന വെല്ലുവിളി. വരള്‍ച്ചയും കൊടും ചൂടും കാരണം തേങ്ങ ഉത്‌പാദനത്തില്‍ 40 ശതമാനത്തിലേറെ കുറവുണ്ടായതായാണ് കര്‍ഷകരില്‍ നിന്നും ലഭിക്കുന്ന പൊതുവായ വിവരം. പ്രാദേശിക വെളിച്ചെണ്ണ ആട്ടുകേന്ദ്രങ്ങളില്‍ കൊപ്രയുടെ വരവ് കുറഞ്ഞതായി മില്ലുടമകളും സാക്ഷ്യപ്പെടുത്തുന്നു.
മെയ് മുതലുള്ള മാസങ്ങളില്‍ നാളികേര വിപണിയിൽ പ്രതിസന്ധി രൂക്ഷമാകുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
വരള്‍ച്ചയും ചൂടും ഇനിയും തുര്‍ന്നാല്‍ കാര്‍ഷികോത്‌പാദനത്തിലെ നഷ്‌ടം അതിരൂക്ഷമായിരിക്കും. വടക്കേ മലബാറില്‍ കശുവണ്ടി ഉത്‌പാദനത്തിലെ തകര്‍ച്ചയും വിലക്കുറവും മൂലം ദുരിതത്തിലായ കര്‍ഷകര്‍ക്ക് ഇരുട്ടടി ആയിരിക്കുകയാണ് വേനല്‍ ചൂടിന്‍റെ ആഘാതത്തിലുള്ള കാര്‍ഷിക ഉത്‌പന്നങ്ങളുടെ നാശവും.