കേരളം

kerala

ETV Bharat / state

ക്രൈം നന്ദകുമാറിന്‍റെ പരാതി : മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി, ഡിജിപി, എംഎല്‍എ എന്നിവര്‍ക്കെതിരെ കേസ് - case against P Sasi and DGP

ക്രൈം നന്ദകുമാറിന്‍റെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, അഗ്നി ശമന രക്ഷാസേന ഡിജിപി കെ പത്മകുമാര്‍, ഔഷധി ചെയര്‍പേഴ്‌സണും മുന്‍ എംഎല്‍എയുമായ ശോഭന ജോര്‍ജ് എന്നിവര്‍ക്കെതിരെ കേസ് എടുത്തു

COURT NEWS  CASE AGAINST P SASI AND DGP  SOBHANA GEORGE  CRIME NANDAKUMARS COMPLAINT
Crime Nandakumar's Complaint; Register case against CM's political Secretary P Sasi, DGP Padmakumar, Former MLA Sobhana George

By ETV Bharat Kerala Team

Published : Apr 20, 2024, 9:54 PM IST

തിരുവനന്തപുരം :ക്രൈം പത്രാധിപര്‍ നന്ദ കുമാറിന്‍റെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, അഗ്നി ശമന രക്ഷാസേന ഡിജിപി കെ പത്മകുമാര്‍, ഔഷധി ചെയര്‍പേഴ്‌സണും മുന്‍ എംഎല്‍എയുമായ ശോഭന ജോര്‍ജ് എന്നിവര്‍ക്കെതിരെ മോഷണ കുറ്റം അടക്കമുളള കുറ്റങ്ങള്‍ ചുമത്തി കോടതി കേസ് എടുത്തു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഷിബു ഡാനിയേലാണ് കേസ് എടുത്തത്. പ്രതികളോട് മെയ് 31ന് ഹാജരാകാന്‍ നിര്‍ദേശിച്ച് കോടതി സമന്‍സ് അയച്ചു.

മോഷണ കുറ്റത്തിന് പുറമെ പ്രതികള്‍ക്കെതിരെ അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍, വ്യാജ തെളിവ് നല്‍കല്‍, ഇലക്ട്രോണിക്‌സ് തെളിവുകള്‍ നശിപ്പിക്കല്‍, അന്യായമായി അതിക്രമിച്ച് കടക്കല്‍, നാശനഷ്‌ടം ഉണ്ടാക്കല്‍, നിയമ വിരുദ്ധ പ്രവര്‍ത്തിയാണെന്ന് അറിഞ്ഞു കൊണ്ട് നിയമം പാലിക്കേണ്ടയാള്‍ ഒരാളെ തടവിലാക്കല്‍ എന്നീ കുറ്റങ്ങളാണ് കോടതി ചുമത്തിയിട്ടുളളത്. പി ശശി, കെ പത്മകുമാര്‍, ശോഭന ജോര്‍ജ് എന്നിവര്‍ക്കു പുറമെ പ്രധാനമന്ത്രിയുടെ സുരക്ഷ ചുമതല ഉണ്ടായിരുന്ന അന്തരിച്ച അരുണ്‍ കുമാര്‍ സിന്‍ഹയും കേസിലെ പ്രതിയാണ്.

ശോഭന ജോര്‍ജിനെതിരെ വാര്‍ത്ത പ്രസിദ്ധീകരിക്കാതിരിക്കാന്‍ അഞ്ച് ലക്ഷം രൂപ നന്ദകുമാര്‍ ആവശ്യപ്പെട്ടെന്നും പണം നല്‍കാത്തതിനാല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചെന്നും ആരോപിച്ച് ശോഭന ജോര്‍ജ് നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് എടുക്കുകയും കോഴിക്കോടുളള നന്ദകുമാറിന്‍റെ വീട്ടില്‍ നിന്ന് 1999 ജൂണ്‍ 30ന് രാത്രി നന്ദകുമാറിനെ അറസ്റ്റ് ചെയ്യുകയും നന്ദകുമാറിന്‍റെ വീടും ഓഫിസും റെയ്‌ഡ് ചെയ്‌ത് രേഖകള്‍ എടുത്തു കൊണ്ട് പോകുകയും ചെയ്‌തു എന്നാണ് കേസ്. അന്നത്തെ മുഖ്യമന്ത്രി നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി ശശിയുടെ സ്വാധീനത്തിലാണ് അറസ്റ്റ് നടന്നതെന്നായിരുന്നു ഹര്‍ജിക്കാരന്‍റെ ആരോപണം.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് ഒതുക്കാന്‍ പി ശശി ഒരു കോടി രൂപ വാങ്ങിയെന്നാരോപിച്ച് നന്ദകുമാര്‍ വാര്‍ത്ത നല്‍കിയിരുന്നു. ചെങ്ങന്നൂര്‍ എംഎല്‍എ ആയിരുന്ന ശോഭന ജോര്‍ജ് ചെങ്ങന്നൂര്‍ സ്വദേശിയുടെ മകന് എഞ്ചിനീയറിങ്ങിന് പ്രവേശനം വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഒന്നര ലക്ഷം കൈക്കൂലി വാങ്ങിയതായും നന്ദകുമാര്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇതിനു പ്രതികാരമായാണ് തന്നെ ഇരുവരും ചേര്‍ന്ന് അന്നത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായ അരുണ്‍ കുമാര്‍ സിന്‍ഹയെ കൊണ്ട് കേസ് എടുപ്പിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണറായ കെ പത്മകുമാറിനെ കൊണ്ട് അറസ്റ്റ് ചെയ്‌ത് പീഡിപ്പിച്ചതെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്.

Also Read:അശ്‌ളീല വീഡിയോ നിര്‍മിക്കാന്‍ നിര്‍ബന്ധിച്ച കേസ്; ക്രൈം നന്ദകുമാറിന് ഉപാധികളോടെ ജാമ്യം

നന്ദകുമാറിനെതിരെ പൊലീസ് എടുത്ത കേസ് പിന്നീട് ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2010-ല്‍ ഫയല്‍ ചെയ്‌ത കേസില്‍ 14-ാം വര്‍ഷമാണ് കോടതി കേസ് എടുത്തത്. ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകരായ പുഞ്ചക്കരി രവീന്ദ്രന്‍ നായര്‍, കിരണ്‍ പി ആര്‍ എന്നിവര്‍ ഹാജരായി.

ABOUT THE AUTHOR

...view details