കോഴിക്കോട്: പന്തീരാങ്കാവിന് സമീപം കൊടൽ നടക്കാവിൽ ദേശീയ പാതയുടെ നിർമ്മാണത്തിന്‍റെ ഭാഗമായി നിർമ്മിച്ച സർവീസ് റോഡിൽ ആഴത്തിൽ വിള്ളൽ വീണു. ശക്തമായ മഴയെ തുടർന്ന് ഇന്നലെ പുലർച്ചയോടെയാണ് നൂറ് മീറ്ററോളം റോഡിൽ ആഴത്തിൽ വിള്ളൽ വീണത്. തൊട്ടു താഴെ നിരവധി വീടുകളും ഒരു ക്ഷേത്രവും അങ്കണവാടിയും സ്ഥിതി ചെയ്യുന്നുണ്ട്.
ഇവർക്കെല്ലാം വലിയ ഭീഷണിയാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. മഴ ശക്തമായതോടെ ഓരോ നിമിഷവും റോഡിലെ വിള്ളലുകൾ ജനങ്ങൾക്ക് ആശങ്ക ഉണ്ടാക്കുന്ന വിധം വർധിച്ചു വരുന്നുണ്ട്. പ്രദേശവാസികൾ വിളിച്ചറിയിച്ചതോടെ കരാറുകാർ സ്ഥലത്തെത്തി വിള്ളൽ വീണ ഭാഗത്ത് കോൺക്രീറ്റ് ചെയ്‌ത് അടയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.
എന്നാൽ വിള്ളൽ വീണ ഭാഗം പൂർണമായി പൊളിച്ചു നീക്കി പുതുതായി കെട്ടി ഉയർത്തിയെങ്കിൽ മാത്രമേ അപകട ഭീഷണി ഒഴിവാകൂ എന്നാണ് നാട്ടുകാർ പറയുന്നത്. ദേശീയ പാതയുടെ നിർമ്മാണ സമയത്ത് തന്നെ നാട്ടുകാർ അശാസ്ത്രീയമായ നിർമ്മാണമാണെന്ന് ആരോപിച്ചിരുന്നു. എന്നാൽ അതൊന്നും ചെവി കൊള്ളാതെയാണ് കരാറുകാർ ഈ ഭാഗത്ത് ഏറെ ഉയരത്തിൽ കെട്ടിയുയർത്തി മണ്ണിട്ട് പ്രവർത്തി നടത്തിയത്.