റോഡ് ഉപരോധിച്ച് സിപിഒ റാങ്ക് ഹോൾഡേഴ്‌സ് തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുമ്പില്‍ സിപിഒ റാങ്ക് ഹോൾഡേഴ്‌സ് നടത്തുന്ന സമരത്തിന് പുതിയ മുഖം. സമരത്തിന്‍റെ 20ാം ദിവസം കുടുംബങ്ങൾക്കൊപ്പം തലസ്ഥാനത്തെത്തി റോഡ് ഉപരോധിച്ച് ഉദ്യോഗാര്‍ഥികള്‍. ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് ആരംഭിച്ച ഉപരോധം 2 മണിക്കൂര്‍ നീണ്ടു നിന്നു.
സമരം ആരംഭിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും സർക്കാരിൽ നിന്ന് യാതൊരു ചർച്ചയും നടത്താത്തതിനാലാണ് ഉദ്യോഗാർഥികൾ സമരം ശക്തമാക്കിയത്. ഉദ്യോഗാർഥികളെ കൂടാതെ ശശി തരൂർ എംപി, കോൺഗ്രസ് എംഎൽഎമാരായ മാത്യു കുഴൽ നാടൻ, എം വിൻസെന്‍റ്, ആർഎസ്‌പി നേതാവ് ഷിബു ബേബി ജോൺ, തുടങ്ങി വ്യത്യസ്‌ത രാഷ്ട്രീയ പാർട്ടി നേതാക്കളും സമരത്തിൽ പങ്കാളികളായി.
കഴിഞ്ഞ ദിവസങ്ങളിൽ തലമുണ്ഡനം ചെയ്‌തും പ്രതീകാത്മക ശവസംസ്‌കാരം നടത്തിയും സംഘം പ്രതിഷേധിച്ചിരുന്നു. 2019ൽ പുറപ്പെടുവിച്ച നോട്ടിഫിക്കേഷന്‍റെ പരീക്ഷ നടന്നത് 2021ലാണ്. പിഎസ്‌സിയുടെ പരിഷ്‌കരണം പ്രകാരം 2 ഘട്ടമായിരുന്നു പരീക്ഷ. തുടർന്ന് കായിക ക്ഷമത പരീക്ഷയും കഴിഞ്ഞ് 2023 ഏപ്രിൽ 13നാണ് റാങ്ക് ലിസ്റ്റ് വന്നത്.
ഈ ലിസ്റ്റിന്‍റെ കാലാവധി 2024 ഏപ്രിൽ 13ന് അവസാനിക്കും. എന്നാൽ ഇതുവരെ ലിസ്റ്റിലേത് പ്രകാരം 21 ശതമാനം പേർക്ക് മാത്രമെ നിയമനം നൽകിയിട്ടുള്ളു. കാലാവധി കഴിഞ്ഞാൽ ലിസ്റ്റില്‍ ഉള്‍പ്പെട്ട പതിനായിരത്തോളം ഉദ്യോഗാർഥികളാണ് പുറത്താവുക. ഉദ്യോഗാർഥികളിൽ പലർക്കും പ്രായ പരിധി കഴിഞ്ഞിരിക്കുകയാണ്. റാങ്ക് ലിസ്റ്റിന്‍റെ കാലാവധി സർക്കാർ നീട്ടി നൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.