കണ്ണൂർ:പൊതുസ്ഥലത്തെ കൊടിതോരണം നീക്കം ചെയ്‌തതിന് പഞ്ചായത്ത് ജീവനക്കാർക്ക് സിപിഎം പ്രവർത്തകരുടെ ഭീഷണിയും കൊലവിളിയും. കണ്ണൂർ പിണറായിയിലാണ് സംഭവം. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നാട്ടിലെ പഞ്ചായത്ത് ഓഫിസ് ജീവനക്കാരെയാണ് സിപിഎം ലോക്കൽ സെക്രട്ടറി നന്ദനൻ ഭീഷണിപ്പെടുത്തിയത്. വെള്ളിയാഴ്‌ചയാണ് സംഭവം നടന്നത്. ജീവനക്കാരെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ ദൃശ്യങ്ങളും പുറത്ത് വന്നു.
ഹൈക്കോടതിയുടെയും സംസ്ഥാന സർക്കാരിന്‍റെയും ഉത്തരവുകൾ പാലിച്ച് കൊണ്ട് പാതയോരങ്ങളിലെ ബോർഡുകൾ കൊടിതോരണങ്ങൾ എന്നിവ പഞ്ചായത്ത് ജീവനക്കാർ നീക്കം ചെയ്‌തിരുന്നു. ഇതിൽ പ്രകോപിതരായ സിപിഎം നേതാക്കൾ പഞ്ചായത്ത് ഓഫിസിലേക്ക് വരികയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയുമായിരുന്നു.
പഞ്ചായത്ത് ജീവനക്കാർക്ക് സിപിഎം ഭീഷണി (ETV Bharat) ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജീവനക്കാരുടെ കൈയും, കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയതായി ജീവനക്കാർ പരാതിപ്പെട്ടു. ഇക്കഴിഞ്ഞ വെള്ളിയാഴ്‌ച വൈകീട്ട് നാല് മണിയോടെയാണ് സിപിഎം പിണറായി ലോക്കൽ സെക്രട്ടറി നന്ദനൻ പ്രവർത്തകനായ നിഖിൽകുമാർ എന്നിവർ പിണറായി പഞ്ചായത്ത് ഓഫിസിൽ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തിയത്.
അതേസമയം സംഭവത്തിൽ പ്രതിഷേധവുമായി ജീവനക്കാർ രംഗത്തെത്തി. സ്വതന്ത്രമായും നിർഭയമായും ജോലി ചെയ്യാനുളള സാഹചര്യം ഉറപ്പു വരുത്തേണ്ടവർ പുലർത്തുന്ന നിസ്സംഗത അവസാനിപ്പിക്കണമെന്ന് ജീവനക്കാർ ഓഫിസ് പരിസരത്ത് നോട്ടീസ് പതിപ്പിച്ചു. മുഖ്യമന്ത്രിയുടെ നാട്ടിലെ പഞ്ചായത്ത് ഓഫിസ് ആയതുകൊണ്ടുതന്നെ പ്രശ്‌നം ഒതുക്കി തീർക്കാനുള്ള ശ്രമത്തിലാണ് സിപിഎം നേതൃത്വം.
Also Read:'വാല്‍ക്കഷണങ്ങള്‍ നടത്തുന്ന സമരം': കോണ്‍ഗ്രസ്-സിപിഐ അനുകൂല സംഘടനകളുടെ സമരത്തെ പരിഹസിച്ച് സിപിഎം സംഘടന, സര്‍ക്കാര്‍ ജീവനക്കാര്‍ ഇന്ന് പണിമുടക്കുന്നു