കേരളം

kerala

By ETV Bharat Kerala Team

Published : Feb 21, 2024, 8:53 AM IST

ETV Bharat / state

കൈവിട്ട കളം തിരികെ പിടിക്കാന്‍ സിപിഎം; ലോക്‌സഭ സ്ഥാനാർഥി പട്ടികയിൽ അന്തിമ തീരുമാനം ഇന്ന്

ലോക്‌സഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥികളെ 27ന് ഔദ്യോഗികമായി പ്രഖ്യാപിക്കും.

lok sabha election  cpm candidates In lok sabha  ലോക്‌സഭ തെരഞ്ഞെടുപ്പ്  സിപിഎം സ്ഥാനാർത്ഥി പട്ടിക  സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌
lok sabha election

തിരുവനന്തപുരം :ലോക്‌സഭ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്ന് ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ അന്തിമ തീരുമാനമുണ്ടായേക്കും. 20 ല്‍ 15 സീറ്റുകളിലേക്കാണ് സിപിഎം മത്സരിക്കുന്നത്. ഈ സ്ഥാനാര്‍ഥികളെ സംബന്ധിച്ച ഏകദേശ ധാരണ ഉണ്ടായിട്ടുണ്ട് (Lok Sabha Election Final Decision On Cpm Candidates ).

ഇന്ന് രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റും ഉച്ചയ്ക്ക്‌ ചേരുന്ന സംസ്ഥാന കമ്മിറ്റിയും ജില്ല സെക്രട്ടേറിയറ്റ് നല്‍കിയ സ്ഥാനാര്‍ഥി നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യും. ഈ മാസം 27നാണ് സിപിഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. കഴിഞ്ഞ തവണ കൈവിട്ട കളം തിരികെ പിടിക്കാന്‍ ഇക്കുറി അരയും തലയും മുറുക്കിത്തന്നെ ലോക്‌സഭ തെരഞ്ഞെടുപ്പിനിറങ്ങാന്‍ ഒരുങ്ങുകയാണ് സിപിഎം സംസ്ഥാന നേതൃത്വം.

ആലപ്പുഴ ഒഴികെ മറ്റൊരിടത്തും പാര്‍ട്ടിക്ക് എംപിമാരില്ലാത്തതിനാല്‍ ജനരോഷം എന്ന ഭാരം ഇത്തവണ പാര്‍ട്ടിക്കില്ല. ഈ അനുകൂല ഘടകം മികച്ച സ്ഥാനാര്‍ഥികളിലൂടെ നേട്ടമാക്കുകയാണ് പാര്‍ട്ടി തന്ത്രം. ദീര്‍ഘകാലമായി പാര്‍ട്ടിക്ക് നഷ്‌ടമാകുന്ന മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് നേരത്തെ തന്നെ ചിലരെ രംഗത്തിറക്കിയത് ഇതിന്‍റെ ഭാഗമാണ്.

ഇക്കുറി പാര്‍ട്ടിയുടെ അതി ശക്തരും അതേസമയം പാര്‍ട്ടി അണികള്‍ക്ക് ഏറെ സ്വീകാര്യരുമായ നേതാക്കളെ തന്നെയാകും സിപിഎം കളത്തിലിറക്കുക. ദേശീയ തലത്തില്‍ സിപിഎമ്മിന്‍റെ നിലനില്‍പ്പ് തന്നെ ചോദ്യ ചിഹ്നമായിരിക്കുന്ന കാലത്ത് കേരളം മാത്രമാണ് സിപിഎമ്മിനുള്ള ഏക പിടിവള്ളി. പാര്‍ട്ടി പൊളിറ്റ് ബ്യൂറോ അംഗം എന്ന നിലയില്‍ ഇത്തവണ എ വിജയരാഘവന്‍ മത്സര രംഗത്തുണ്ടാകുമെന്നാണ് സൂചന.

വിജയരാഘവനെ പാര്‍ട്ടി മത്സരിപ്പിക്കാന്‍ ആലോചിക്കുന്നത് ദീര്‍ഘ കാലം അദ്ദേഹം പ്രതിനിധീകരിച്ചിരുന്ന പാലക്കാട് ആയിരിക്കും. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് എകെ ബാലന്‍, എം സ്വരാജ്, തോമസ് ഐസക്ക് എന്നിവര്‍ക്കും സാധ്യതയുണ്ട്. എം സ്വരാജിനെ കൊല്ലത്ത് എന്‍കെ പ്രേമചന്ദ്രനെതിരെ മത്സരിപ്പിക്കാനാണ് ആലോചന.

പത്തനംതിട്ടയില്‍ തോമസ് ഐസക്കിനെ പരിഗണിച്ചേക്കും. മുന്‍ റാന്നി എംഎല്‍എ രാജു എബ്രഹാമിനും പത്തനംതിട്ടയില്‍ സാധ്യതയുണ്ട്. സിപിഎം ഉറച്ച കോട്ടയായി കരുതിയിരുന്ന ആലത്തൂര്‍ തിരികെ പിടിക്കാന്‍ മുതിര്‍ന്ന നേതാവ് എകെ ബാലനെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. അതുപോലെ മറ്റൊരു സിപിഎം കോട്ടയായ കാസര്‍കോട് തിരിച്ചുപിടിക്കാന്‍ മുന്‍ കല്യാശേരി എംഎല്‍എ ടിവി രാജേഷ്, സിപിഎം ജില്ല സെക്രട്ടറി എംവി ബാലകൃഷ്‌ണന്‍ എന്നിവരെ പരിഗണിക്കുന്നുണ്ട്.

വിപിപി മുസ്‌തഫയെ ഒരു ഘട്ടത്തില്‍ പാര്‍ട്ടി കാസര്‍കോട്ടേക്ക് ആലോചിച്ചെങ്കിലും ചില ആരോപണങ്ങള്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്നത് തിരിച്ചടിയായി. കണ്ണൂരിലോ വടകരയിലോ കെകെ ശൈലജയെ മത്സരിപ്പിക്കാമെന്ന് സിപിഎം കണക്ക് കൂട്ടുന്നുണ്ട്. ഒരു കാലത്ത് സിപിഎമ്മിന്‍റെ ഉറച്ച മണ്ഡലമായിരുന്ന വടകരയില്‍ നിന്ന് 2009 മുതല്‍ വിജയിക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാണ്.

വടകരയില്‍ മുന്‍ കോഴിക്കോട് എംഎല്‍എ എ പ്രദീപ് കുമാറിനെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ട്. കോഴിക്കോട് മണ്ഡലം തിരിച്ചു പിടിക്കാന്‍ എളമരം കരീമിനെയോ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ്‌ വി വസീഫിനെയോ ആണ് ആലോചിക്കുന്നത്. എറണാകുളത്ത് പൊതു സ്വതന്ത്രനെ നിര്‍ത്താനാണ് ആലോചനയെന്നാണ് സൂചന. പക്ഷേ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായത് പോലെയാകരുത് എറണാകുളത്തെ സ്ഥാനാര്‍ഥി നിര്‍ണയം എന്ന പൊതു വികാരം പാര്‍ട്ടിയിലുണ്ട്. ദീര്‍ഘകാലം പാര്‍ട്ടിക്കൊപ്പമായിരുന്ന ആറ്റിങ്ങലിനെ തിരികെ പിടിക്കാന്‍ വട്ടിയൂര്‍കാവ് എംഎല്‍എ വികെ പ്രശാന്തിനാണ് ഏറെ സാധ്യത. വി ജോയിയുടെ പേര് നേരത്തെ സാധ്യത പട്ടികയിലുണ്ടായിരുന്നെങ്കിലും നിലവില്‍ ജില്ല സെക്രട്ടറിയായതിനാല്‍ സാധ്യതയില്ല. എന്നാല്‍ ജയസാധ്യതയ്ക്കാകും മുന്‍തൂക്കം എന്നതിനാല്‍ ഒരു പദവിയും സ്ഥാനാര്‍ഥി നിര്‍ണയത്തിന് തടസമാകില്ല.

ABOUT THE AUTHOR

...view details