ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് രൂക്ഷമായ അന്തരീക്ഷ മലിനീകരണത്തിന്‍റെ പശ്ചാത്തലത്തിൽ നിർമാണ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തിയിട്ടും സുപ്രീം കോടതി വളപ്പിൽ നിർമാണം നടക്കുന്നുണ്ടെന്ന് മുതിർന്ന അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്ന് സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ചിന്‍റെ ഇടപെടല്‍.
ഇന്ന് (നവംബർ 18) രാവിലെ 8 മണി മുതൽ പ്രാബല്യത്തിൽ വരുന്ന ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിൻ്റെ (ജിആർഎപി) സ്റ്റേജ് 4 പ്രകാരം ഡൽഹി - എൻസിആറിന് വേണ്ടി കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് (സിഎക്യുഎം) കർശനമായ മലിനീകരണ നിയന്ത്രണ നടപടികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ട്രക്കിൻ്റെ പ്രവേശനവും നിർമാണ പ്രവർത്തനങ്ങളും നിർത്തിവച്ചുളള നിയന്ത്രണങ്ങൾ ഈ നടപടിക്ക് കീഴിൽ വരുന്നു. ഹൈവേ, റോഡ്, മേൽപ്പാലം, വൈദ്യുതി ലൈൻ, പൈപ്പ് ലൈൻ, എന്നിങ്ങനെയുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും താത്‌ക്കാലികമായി നിർത്തിവച്ചു.
ജിആർഎപി പ്രകാരം വായുമലിനീകരണം തടയുന്നതിനായുള്ള നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിന് കാലതാമസം ഉണ്ടായിരുന്നു. അതുമായി ബന്ധപ്പെട്ട് ഡൽഹി സർക്കാരിനോടും എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മിഷനോടും ജസ്റ്റിസുമാരായ എഎസ് ഓക്ക, ജസ്റ്റിസ് എജി മസിഹ് എന്നിവരടങ്ങിയ ബെഞ്ച് ചോദ്യങ്ങൾ ഉന്നയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
നിർമാണം തടയുന്നതും പൊളിക്കുന്നതും ആരാണ് നിരീക്ഷിക്കുന്നതെന്നും ഈ നിയമങ്ങൾ നടപ്പിലാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ആരെങ്കിലും സൈറ്റുകളിലേക്ക് പോകുന്നുണ്ടോ എന്ന് അഭിഭാഷകനോട് ബെഞ്ച് ചോദിച്ചു.
ഈ വിഷയത്തിൽ ഡൽഹി സർക്കാരിനെയും എയർ ക്വാളിറ്റി മാനേജ്‌മെൻ്റ് കമ്മിഷനെയും പ്രതിനിധീകരിക്കുന്ന മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ, ബെഞ്ചിന് മറുപടിയായി കോടതി നമ്പർ 11ന് പുറത്ത് രാവിലെ മുതൽ നിർമാണം നടക്കുന്നുണ്ടെന്നും കല്ലുകൾ പൊട്ടിക്കുന്നതായും പറഞ്ഞു.
ഇതോടെ സുപ്രീം കോടതിയിൽ നിർമാണം നടക്കുന്നത് ശരിയാണോയെന്ന് ജസ്റ്റിസ് ഓക്ക ആരാഞ്ഞു. പിന്നീട് വാദം കേൾക്കുന്നതിനിടെ കോടതി വളപ്പിലെ നിർമാണം നിർത്തിവച്ചുവെന്ന് ബെഞ്ച് അറിയിച്ചു.