കാസർകോട്:പെരിയ ഇരട്ട കൊലക്കേസിലെ കോടതി വിധിയില്‍ തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്ന് സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറി എം വി ബാലകൃഷ്‌ണൻ. പെരിയയിൽ കൊലപാതകം നടന്നപ്പോഴും പിന്നീട് സിബിഐ കേസ് അന്വേഷണം ഏറ്റെടുത്തപ്പോഴും സിപിഎമ്മിനെതിരെ വലിയ തോതിലുള്ള പ്രചാരണമാണ് കോൺഗ്രസും മറ്റ് വലതുപക്ഷ ശക്തികളും നടത്തിയതെന്നും എംവി ബാലകൃഷ്‌ണന്‍ പറഞ്ഞു.
സത്യത്തിന് നിരക്കാത്ത ആരോപണങ്ങളുടെ ശക്തമായ പെരുമഴയാണ് അന്ന് സൃഷ്‌ടിച്ചെടുത്തത്. ഈ സംഭവത്തില്‍ പാര്‍ട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് അന്നുതന്നെ വ്യക്തമാക്കിയതാണെന്നും എം വി ബാലകൃഷ്‌ണൻ പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
എന്നാൽ കേസ് സിബിഐ ഏറ്റെടുത്ത ശേഷം രാഷ്ട്രീയ പ്രേരിതമായി കെ വി കുഞ്ഞിരാമനടക്കമുള്ള നേതാക്കളെ പ്രതി ചേര്‍ത്തപ്പോഴാണ് കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്ന നിലപാടിൽ പാര്‍ട്ടി നിയമവഴി തേടിയത്. കോൺഗ്രസുകാരും മറ്റും പറയുന്ന കാര്യങ്ങള്‍ ബഹുമാനപ്പെട്ട സിബിഐ കോടതി മുഖവിലക്കെടുത്തില്ല എന്നതാണ് വിധിയിലൂടെ പ്രാഥമികമായി വ്യക്തമാകുന്നത്.