തിരുവനന്തപുരം : വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പുകള്‍ക്കായുള്ള ഒരുക്കങ്ങളുടെ ഭാഗമായി സ്ഥാനാര്‍ഥി നിര്‍ണയം അടക്കമുള്ള കാര്യങ്ങളില്‍ പ്രാഥമിക ചര്‍ച്ചകള്‍ക്കായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. ഈ മാസാവസാനം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനം നടത്താനാണ് എല്‍ഡിഎഫ് ധാരണ. ഇതിന് മുന്നോടിയായാണ് കേരള കോണ്‍ഗ്രസ് (എം) ന്‍റെ സീറ്റായ കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.
സിപിഐയും സജീവ സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്ക് കടക്കുന്നതിനിടെയാണ് പ്രാഥമിക ചര്‍ച്ചകള്‍ക്കായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നത്. യുഡിഎഫും സ്ഥാനാര്‍ഥി സാധ്യതകള്‍ പരിശോധിച്ച് വരികയാണ്. കേരളത്തിലെ അടക്കം സ്ഥാനാര്‍ഥികളുടെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷനും മുന്‍പ് വ്യക്തമാക്കിയിരുന്നു (CPIM State Secretariat).
സര്‍ക്കാര്‍ വിരുദ്ധ കാമ്പയിന്‍ സജീവമാക്കാന്‍ ലക്ഷ്യമിട്ടുള്ള കോണ്‍ഗ്രസിന്‍റെ സമരാഗ്നിയും, ബിജെപിയുടെ പദയാത്രയും രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള നീക്കങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകാനാണ് സാധ്യത. പ്രദേശിക തലങ്ങളില്‍ പാര്‍ട്ടി ഘടകങ്ങള്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂത്ത് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ആരംഭിച്ചിരുന്നു.
സിപിഎം സ്ഥാനാര്‍ഥികളില്‍ വനിതകള്‍ക്കും പുതുമുഖങ്ങള്‍ക്കും സാധ്യതയുള്ളതായി എല്‍ഡിഎഫ് കണ്‍വീനര്‍ തന്നെ നേരത്തെ സൂചന നല്‍കിയിരുന്നു. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് എല്‍ഡിഎഫ് മുന്നണിയില്‍ മറ്റ് തര്‍ക്കങ്ങളില്ലെന്ന് ഇപി ജയരാജന്‍ മുന്‍പ് വ്യക്തമാക്കിയിരുന്നെങ്കിലും, സീറ്റ് പരിഗണന ലഭിക്കാത്തതിനെ തുടര്‍ന്ന് ബോര്‍ഡ്, കോര്‍പ്പറേറ്റ് ഭാരവാഹിത്വങ്ങള്‍ രാജിവയ്ക്കാന്‍ ആര്‍ജെഡി തീരുമാനിച്ചിരുന്നത് വിവാദമായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് കണ്‍വീനറുമായി നടത്തിയ ചര്‍ച്ചക്ക് പിന്നാലെ തീരുമാനം പിന്‍വലിക്കുകയായിരുന്നു.