കേരളം

kerala

ETV Bharat / state

'വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം പാർട്ടി തീരുമാനിക്കും; പാർലമെന്‍റിൽ കൂടുതൽ സ്‌ത്രീ പ്രാതിനിധ്യം വേണമെന്ന് ആനി രാജ - Annie Raja On Wayanad By Poll

കോൺഗ്രസ് വയനാട്ടില്‍ വനിതാ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ സന്തോഷം പ്രകടിപ്പിച്ച് ആനി രാജ. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണോ വേണ്ടയോ എന്ന് പാർട്ടി തീരുമാനിക്കുമെന്നും ആനി രാജ.

CPI LEADER ANNIE RAJA  WAYANAD BY POLL  RAHUL GANDHI  PRIYANKA GANDHI
ANNIE RAJA ON WAYANAD BY POLL (ETV Bharat)

By ETV Bharat Kerala Team

Published : Jun 18, 2024, 10:24 AM IST

വയനാട്:വയനാട്ടിലെ ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തില്‍ പ്രതികരിച്ച് സിപിഐ നേതാവ് ആനി രാജ. സീറ്റിലേക്ക് കോൺഗ്രസ് ഒരു വനിതാ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ അവർ സന്തോഷം പ്രകടിപ്പിച്ചു. പാർലമെന്‍റിൽ കൂടുതൽ സ്‌ത്രീ പ്രാതിനിധ്യത്തിനായി ശ്രമിക്കുമെന്ന് അവർ സൂചിപ്പിച്ചു. സിപിഐയ്‌ക്ക് വേണ്ടി താൻ മത്സരിക്കണോ വേണ്ടയോ എന്നത് പാർട്ടിയുടെ തീരുമാനമായിരിക്കുെമെന്നും ആനി രാജ പറഞ്ഞു.

"രാഹുൽ ഗാന്ധി റായ്ബറേലി നിലനിർത്തി വയനാട് വിടുമെന്ന് തീരുമാനിച്ചതായി കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നു. ഞാൻ വയനാട്ടിൽ വീണ്ടും മത്സരിക്കണോ വേണ്ടയോ എന്നത് എന്‍റെ പാർട്ടിയുടെ തീരുമാനമായിരിക്കും. ഇതുവരെ തെരഞ്ഞെടുപ്പിൽ ആര് മത്സരിക്കണമെന്നത് പ്രഖ്യാപിച്ചിട്ടില്ല. പാർട്ടിയിലും എൽഡിഎഫിലും സ്ഥാനാർഥി ആരാകണം എന്നതിനെ കുറിച്ച് ചർച്ച ചെയ്യും," - ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.

"ഞങ്ങൾക്ക് പാർലമെന്‍റിൽ കൂടുതൽ സ്‌ത്രീകളെ ആവശ്യമുണ്ട്. യുഡിഎഫ് മണ്ഡലത്തിലേക്ക് ഒരു വനിതാ സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ സന്തോഷമുണ്ട്," എന്നും അവർ കൂട്ടിച്ചേർത്തു. ഉത്തർപ്രദേശിലെ റായ്ബറേലി സീറ്റ് നിലനിർത്താൻ രാഹുൽ ഗാന്ധി തീരുമാനിച്ചതിനെ തുടർന്നാണ് ഈ സീറ്റിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. അടുത്തിടെ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ വയനാട്ടിലും റായ്‌ബറേലിയിലും വൻ ഭൂരിപക്ഷത്തിൽ രാഹുൽ ഗാന്ധി വിജയിച്ചിരുന്നു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രത്യേക വാർത്താ സമ്മേളനത്തിലാണ് പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. വയനാട്ടിൽ നിന്ന് പ്രിയങ്കാ ഗാന്ധി ജയിച്ചാൽ നെഹ്‌റു - ഗാന്ധി കുടുംബത്തിലെ മൂന്ന് അംഗങ്ങൾ പാർലമെന്‍റിലെത്തും. സോണിയ ഗാന്ധി രാജ്യസഭയിലും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ലോക്‌സഭയിലും.

താൻ വയനാട്ടിൽ നിന്ന് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും എന്നാൽ അമേഠിയുമായും റായ്ബറേലിയുമായും പതിറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം തുടരുമെന്നും സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രിയങ്ക ഗാന്ധി പറഞ്ഞു. വയനാടിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്നും പ്രിയങ്ക ഗാന്ധി പ്രത്യേക വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

വയനാട് ലോക്‌സഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയും സ്വാഗതം ചെയ്‌തു. ലോക്‌സഭ ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധി ചരിത്രപരമായ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

'രാഹുലും പാർട്ടിയും വയനാട് പ്രിയങ്കയെ ഏൽപ്പിച്ചു. വയനാട്ടിലേക്ക് പ്രിയങ്കാ ഗാന്ധിക്ക് സ്വാഗതം. ചരിത്രപരമായ ഭൂരിപക്ഷത്തോടെ പ്രിയങ്ക കേരളത്തിന്‍റെ പ്രിയപ്പെട്ടവളായി മാറും' - വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. രാഹുൽ ഗാന്ധിയെ ഉദ്ധരിച്ച് വയനാടിനെ കുറിച്ചും വി ഡി സതീശൻ പറഞ്ഞു. തൻ്റെ പോസ്‌റ്റിനൊപ്പം രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും ചിത്രവും അദ്ദേഹം പങ്കുവച്ചു.

ALSO READ :രാഹുൽ വയനാട് വിടും; പകരമെത്തുന്നത് പ്രിയങ്ക

ABOUT THE AUTHOR

...view details