തിരുവനന്തപുരം :നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദയ്ക്ക് എതിരെ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ചിരുന്ന കുറ്റപത്രം കോടതി അംഗീകരിച്ചു. സ്വാമി സെപ്റ്റംബർ 7 ന് കോടതിയിൽ ഹാജരാകണമെന്ന് സമൻസ് നൽകി. അഡിഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. നേരത്തേ സമർപ്പിച്ച കുറ്റപത്രം കോടതി തിരികെ നൽകിയിരുന്നു. ഈ കുറവുകൾ മാറ്റി ക്രൈം ബ്രാഞ്ച് ഡിവൈഎസ്‌പി ഷൗക്കത്തലി സമര്‍പ്പിച്ച കുറ്റപത്രമാണ് കോടതി അംഗീകരിച്ചത്.
വീട്ടില്‍ പൂജയ്ക്ക് എത്തുന്ന സ്വാമി തന്നെ നിരന്തരം പീഡിപ്പിച്ചിരുന്നെന്നും പീഡനം സഹിക്കവയ്യാതെയാണ് താന്‍ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചതെന്നും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിരുന്നു. കണ്ണമ്മൂലയുളള പെണ്‍കുട്ടിയുടെ വീട്ടില്‍ വച്ച് 2017 മേയ് 19 ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടി സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചത്. ഇതിന് ശേഷം വീടിന് പുറത്തേക്ക് ഇറങ്ങി ഓടിയ പെണ്‍കുട്ടിയെ ഫ്ലൈയിങ് സ്‌ക്വാഡാണ് സ്‌റ്റേഷനില്‍ എത്തിച്ചത്.
പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വാമിക്കെതിരെ ലൈംഗിക പീഡനത്തിന് കേസ് എടുത്തിരുന്നു. സ്വാമി തന്നെ പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യ മൊഴിയിലും ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി പിന്നീട് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്‌മൂലത്തില്‍ മൊഴി മാറ്റി പറയുകയായിരുന്നു. താൻ സ്വയം ജനനേന്ദ്രിയം മുറിച്ചതാണെന്ന് ഗംഗേശാനന്ദയും മൊഴി മാറ്റിയിരുന്നു. എന്നാൽ ഉറങ്ങിക്കിടന്ന തന്നെ ഒരു കൂട്ടം ആള്‍ക്കാര്‍ ആക്രമിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് ഗംഗേശാനന്ദ നിലവിൽ പറയുന്നത്.