കുളിരു തേടി പോകാം കുടകിലേക്ക് (Source: Etv Bharat Reporter) കണ്ണൂര്‍: വടക്കന്‍ കേരളത്തിന്‍റെ ഏറ്റവും അടുത്ത വിനോദ സഞ്ചാര കേന്ദ്രമാണ് കുടക്. ചുട്ടുപൊളളുന്ന ഉത്തരകേരളത്തില്‍ നിന്നും ഒരു ദിവസത്തെയെങ്കിലും ഇടവേള ലഭിക്കാന്‍ കുറഞ്ഞ ചിലവില്‍ എത്താവുന്ന ഇടമാണിത്. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, വയനാട് ജില്ലകളില്‍ നിന്നുള്ളവര്‍ കുളിരു തേടി അനുദിനം കുടകിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്.
കുടുംബ സമേതം എത്തുന്നവരാണ് ഏറെയും. ഇതെല്ലാം മുന്‍കൂട്ടിക്കണ്ട് കുടക് ജില്ലാ ആസ്ഥാനമായ മടിക്കേരിയിലെ രാജാസീറ്റ് ഗാര്‍ഡന്‍ മനോഹരമായി ഒരുക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. കുറഞ്ഞ ചിലവില്‍ ഒരു പകല്‍ മുഴുവന്‍ രാജാസീറ്റില്‍ നിന്നും കാഴ്‌ചകള്‍ കണ്ട് മടങ്ങുന്നവരാണ് ഏറേയും. കുടകില്‍ കുളിരുകോരുന്ന തണുപ്പില്ലെങ്കിലും കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഇവിടം സുഖകരമാണ്.
രാവിലെ പതിനൊന്ന് മണിക്കുള്ളില്‍ രാജാസീറ്റ് ഗാര്‍ഡനില്‍ പ്രവേശിച്ചാല്‍ പടിഞ്ഞാറ് ഭാഗത്ത് പശ്ചിമഘട്ടം മഞ്ഞണിഞ്ഞു കാണാം. നീലമലകള്‍ സഞ്ചാരികളുടെ മനസിലെ കുളിരണിയിക്കും. മലകള്‍ക്കിടയിലുള്ള പച്ചപ്പാടങ്ങളും ഇടതൂര്‍ന്ന് നില്‍ക്കുന്ന വന്‍ മരങ്ങളും കൊല്ലികളും എല്ലാം ഇവിടെ നിന്നും മാത്രമുള്ള കാഴ്‌ചകളാണ്. രാജാസീറ്റ് ഗാര്‍ഡന്‍റെ സമീപമുള്ള ചെറു കുന്നുകളിലേക്ക് പടികള്‍ കെട്ടി പ്രവേശനം ഒരുക്കിയിട്ടുണ്ട്.
പടികള്‍ കയറിയാല്‍ കിഴക്കും തെക്കും പടിഞ്ഞാറും ഇരിപ്പിടങ്ങളോടു കൂടിയ മിനാരങ്ങള്‍ പണിതീര്‍ത്തിട്ടുണ്ട്. അതില്‍ ഇരിപ്പിടവും ഒരുക്കിയിട്ടുണ്ട്. അവിടെ ഇരുന്ന് കേരളത്തിന് അതിരിടുന്ന മലനിരകള്‍ കാണാം. മടിക്കേരിയിലേക്ക് വരുന്ന വളഞ്ഞു പുളഞ്ഞു വരുന്ന സംസ്ഥാന ഹൈവേയിലൂടേയുള്ള വാഹനങ്ങളും ദര്‍ശിക്കാം. ഈ കൊടും ചൂടിലും പച്ചപ്പ് വിടപറഞ്ഞിട്ടില്ലാത്ത ഇടമാണ് കുടക്.
അതുകൊണ്ടു തന്നെ അണമുറിയാത്ത കുളിര്‍ തെന്നല്‍ അല്‍പം തണുപ്പ് സമ്മാനിക്കുന്നു. കുടകിലും കാലാവസ്ഥാ വ്യതിയാനം സംഭവിച്ചിട്ടുണ്ടെങ്കിലും ചുട്ടുപൊള്ളുന്ന അവസ്ഥ ഇപ്പോഴുമില്ല. മിനാരങ്ങളിലിരുന്ന് കാഴ്‌ചകള്‍ കണ്ട് കഴിഞ്ഞാല്‍ ഗാര്‍ഡന്‍ ചുറ്റിക്കാണാം. പക്ഷിമൃഗാധികളുടെ വിവിധ ശില്‍പങ്ങള്‍ തോട്ടത്തില്‍ കമനീയമായി ഒരുക്കിയിട്ടുണ്ട്. ജീവസുള്ള ഈ ശില്‍പങ്ങള്‍ സഞ്ചാരികളുടെ പ്രധാന ആകര്‍ഷകമാണ്.
മാനും മയിലും ആനയും ജിറാഫും എല്ലാം ഒരു വനത്തിലെത്തിയ പ്രതീതി ഉളവാക്കും. വിവിധ വര്‍ണങ്ങളുള്ള റോസാപ്പൂക്കള്‍, ജമന്തി, ഡാലിയ, എന്നിവ തോട്ടത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. നഗരത്തിലെ ചൂടില്‍ നിന്നും ആശ്വാസം കണ്ടെത്താന്‍ രാജാസീറ്റ് ഗാര്‍ഡനിലെത്തി മടങ്ങുന്നവരില്‍ ഭൂരിഭാഗവും മലയാളികളാണ്. പൂന്തോട്ടത്തിന് പുറമേ വിനോദത്തിനും സാഹസികതക്കുമുള്ള കേന്ദ്രങ്ങളും രാജാസീറ്റില്‍ ഒരുക്കിയിട്ടുണ്ട്. വെറും ഇരുപത് രൂപ ടിക്കറ്റെടുത്ത് മുതിര്‍ന്നവര്‍ക്കും ഇവിടെ പ്രവേശിക്കാം.
ALSO READ:അനന്ത സാഹസിക വിനോദ സഞ്ചാര സാധ്യതകളുമായി പെട്ടിമുടി മലനിരകൾ