കേരളം

kerala

ETV Bharat / state

കാബേജും കോളിഫ്ലവറും കാരറ്റും കേരളത്തില്‍ ക്ലിക്കാകുമോ? ശീതകാല പച്ചക്കറി കൃഷിയ്‌ക്ക് സമയമായി, തോട്ടം ഒരുക്കേണ്ടതെങ്ങനെ

കാബേജും കോളിഫ്ലവറും, കാരറ്റും ബീറ്റ്‌റൂട്ടും ബീന്‍സും. സൈഡായി കുറച്ച് തണ്ണിമത്തനും. ശീതകാല പച്ചക്കറി കൃഷിക്ക് തയാറെടുക്കാന്‍ സമയമായി. നിലം ഒരുക്കലും നടീലും അടക്കം വിശദമായി അറിയാം.

COOL SEASON VEGETABLE CULTIVATION  VEGETABLE CULTIVATION AT HOME  ശീതകാല പച്ചക്കറി കൃഷി  VEGETABLE CULTIVATION STEPS
Representative Image (Etv Bharat)

By ETV Bharat Kerala Team

Published : Nov 21, 2024, 11:35 AM IST

കാസർകോട് : കാബേജ്, കോളിഫ്ലവർ, കാരറ്റ് തുടങ്ങിയ പച്ചക്കറികള്‍ കേരളത്തിന്‍റെ മണ്ണില്‍ വിളയുമോ? നൂറുമേനി വിളയും എന്നതാണ് വാസ്‌തവം. ഇപ്പോഴാകട്ടെ ഇവയെല്ലാം കൃഷി ചെയ്യാന്‍ പറ്റിയ സമയവും. ശീതകാല പച്ചക്കറികളായ കാബേജ്, കോളിഫ്ലവർ എന്നിവ മണ്ണിൽ ചാൽ എടുത്തും കാരറ്റ്, ബീറ്റ്‍റൂട്ട് എന്നിവ തറയെടുത്തുമാണ് കൃഷി ചെയ്യേണ്ടത്. ആദ്യം തൈകൾ ഒരുക്കണം. വൈകുന്നേരമാണ് പറിച്ചുനടാൻ ഉത്തമം.

വെണ്ട, പാവൽ, പടവലം, ചീര, തക്കാളി, വെള്ളരി, വഴുതന തുടങ്ങി പച്ചക്കറികൾ മിക്കതും കൃഷി ചെയ്യാനും ഈ സമയം അനുയോജ്യമാണ്. സൂര്യപ്രകാശം ലഭിക്കുന്ന, ജലസേചന സൗകര്യമുള്ള സ്ഥലത്ത് കൃഷി ചെയ്യാം. മണ്ണിൽ തടമെടുത്ത് ചാണകപ്പൊടി, കോഴിവളം എന്നിവ അടിവളമായി ചേർക്കണം. പാവൽ, തക്കാളി എന്നിവ തൈകൾ പറിച്ചുനട്ടും മറ്റുള്ളവ വിത്തുപാകിയും കൃഷി ചെയ്യാം.

ശീതകാല പച്ചക്കറി കൃഷി (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം.

ഈ കാര്യം ശ്രദ്ധിക്കാം : ചാലുകൾ തമ്മിലും ചെടികൾ തമ്മിലും 1.5 അടി അകലം വേണം. തൈകൾ നടുമ്പോൾ സ്യൂഡോ മോണാസ് ലായനിയിൽ മുക്കിയശേഷം നടുന്നത് കീടബാധ അകറ്റാൻ സഹായിക്കും. വേനൽക്കാലത്തു വിളവെടുക്കാൻ പാകത്തിൽ ചേമ്പും ചേനയും കൃഷി ചെയ്യാം. മരച്ചീനിയും ഈ സമയത്തു തന്നെ കൃഷി ചെയ്യാം. ആറാം മാസം വിളവെടുക്കുന്ന കമ്പ് നടുന്നതാണു നല്ലത്.

വയലുകളിൽ രണ്ടാംവിള കൊയ്‌തു കഴിയുന്നതോടെ മണ്ണ് ഉഴുതശേഷം എള്ള്, റാഗി, വൻപയർ എന്നിവ വിതയ്ക്കാം. ചാരമാണു പ്രധാന വളം. വേനൽക്കാലത്ത് കീടശല്യം കുറവായിരിക്കും. മഴയ്ക്കു മുൻപേതന്നെ വിളവെടുത്തു ചെടികൾ മണ്ണിൽ ഉഴുതിടുക. അടുത്ത കൃഷിക്ക് ഏറ്റവും നല്ല ജൈവവളമായിരിക്കുമിത്. കൊയ്ത്തു കാലം കഴിഞ്ഞതോടെ വയലുകളിൽ കൃഷി ചെയ്യാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ശീതകാല പച്ചക്കറി കൃഷി (ETV Bharat)

മാറിവരുന്ന കാലാവസ്ഥ : ഓരോ മാസവും ഓരോ കാലാവസ്ഥയാണ് കേരളത്തിൽ. നാല് ഋതുക്കൾ എന്നതൊക്കെ പഴയ സങ്കൽപമായി. ചൂടും തണുപ്പും മഴയും വെയിലുമൊക്കെ ഓരോ മാസവും മാറി വരികയാണ്. ഇതിനു അനുസരിച്ച് കൃഷി ഒരുക്കാം. ഇനി ഇടവിട്ട് മഴ ഉണ്ടായാലും കൃഷിക്ക് വലിയ ദോഷം ചെയ്യില്ല. പകൽ കൂടിയ ചൂടും രാത്രിയില്‍ മഞ്ഞും തണുപ്പുമൊക്കെയുള്ള കാലാവസ്ഥയിൽ വളരുന്നവയാണ് ശീതകാല പച്ചക്കറികൾ.

കാരറ്റ് കൃഷി :നവംബർ മാസത്തിലാണ് കാരറ്റ് കൃഷി ആരംഭിക്കേണ്ടത്. മണ്ണ് ഇളകിക്കിടക്കുന്നിടത്താണ് കാരറ്റ് നന്നായി വളരുന്നത്. വേരിന്‍റെ വളർച്ച വർധിപ്പിക്കുന്നതിനായി തടങ്ങൾ എടുക്കണം. കട്ടിയേറിയ കല്ലിന്‍റെ ഭാഗങ്ങൾ ഉളളിടത്ത് കാരറ്റിന്‍റെ വേരുകൾ നന്നായി ആഴ്ന്നിറങ്ങുകയില്ല. കൂടാതെ കാരറ്റിന്‍റെ വളർച്ചയും കുറവായിരിക്കും.

ശീതകാല പച്ചക്കറി കൃഷി (ETV Bharat)

20 സെ.മീ ഉയരവും, 35 സെ.മീ വീതിയുമുള്ള തടങ്ങൾ എടുത്ത് രണ്ട് വരികളിലായി വിത്തു പാകാം. വിത്തുകൾ മണലുമായി കൂട്ടിക്കലർത്തി പാകിയ ശേഷം മണ്ണ് കൊണ്ടിട്ട് മൂടുക. വിത്തിട്ട ശേഷം പുത കൊടുക്കുന്നത് നല്ലതാണ്. ആദ്യഘട്ടത്തിൽ കാരറ്റ് ചെടികൾ വളരെ സാവധാനം മാത്രമേ വളരുകയുള്ളൂ. ആ സമയത്ത് കളകൾ നീക്കം ചെയ്യേണ്ടതാണ്.

ബീറ്റ്റൂട്ട് :ഒക്ടോബർ – നവംബർ മാസങ്ങള്‍ ബീറ്റ്റൂട്ട് കൃഷി തുടങ്ങേണ്ട കാലമാണ്. ഒരു സെന്‍റ് തനിവിളയായി ബീറ്റ്റൂട്ട് കൃഷി ചെയ്യാൻ 35 ഗ്രാം വിത്ത് വേണം. തടങ്ങളിൽ തന്നെയാണ് ബീറ്റ്റൂട്ടും കൃഷി ചെയ്യേണ്ടത്. 30 സെ.മീ വീതിയും ആവശ്യത്തിന് നീളവുമുള്ള തടങ്ങൾ എടുത്ത് വിത്ത് നടണം. വിത്തിട്ട ശേഷം മുളയ്ക്കുന്നതു വരെ പുതകൊടുക്കണം. ബീറ്റ്റൂട്ട് തൈകൾ ഒരിക്കലും പറിച്ചു നടാൻ പാടില്ല.

ശീതകാല പച്ചക്കറി കൃഷി (ETV Bharat)

ഫ്രഞ്ച് ബീൻസ് :എല്ലായിടത്തും കൃഷി ചെയ്യാൻ പറ്റിയ ഒരു ശീതകാല പയർവർഗ വിളയാണ് ഫ്രഞ്ച് ബീൻസ് എന്നറിയപ്പെടുന്ന ബീൻസ്. വിത്ത് നേരിട്ട് പാകി പയർ കൃഷി ചെയ്യുന്ന പോലെ ബീൻസ് ചെയ്യാം. കുറ്റിയിനങ്ങൾ രണ്ടുമാസം കൊണ്ടും പടരുന്ന ഇനങ്ങൾ രണ്ടര മാസം കൊണ്ടും വിളവെടുക്കാനാകും. സസ്യസംരക്ഷണം കൃത്യമായ നിരീക്ഷണം ഉണ്ടെങ്കിൽ വലിയ കീട-രോഗ പ്രശ്‌നങ്ങൾ ഇല്ലാതെ തന്നെ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യാം.

തണ്ണിമത്തനും നടാം : ഏറ്റവും എളുപ്പം ചെയ്യാന്‍ കഴിയുന്നതും ധാരാളം ഫലം ലഭിക്കുന്നതുമായ ഒരു കൃഷിയാണ് തണ്ണിമത്തന്‍. നമ്മുടെ കാലാവസ്ഥക്ക് വളരെ അനുയോജ്യവുമാണ്. നവംബർ ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള സമയത്ത് തണ്ണിമത്തന്‍ കൃഷി ചെയ്യാം. സൂര്യപ്രകാശം ധാരാളമായി ലഭിക്കുന്ന തുറസായ സ്ഥലം വേണം കൃഷിക്കായി തെരഞ്ഞെടുക്കാന്‍.

തണ്ണിമത്തന്‍ കൃഷി (ETV Bharat)

അന്തരീക്ഷത്തിലെ ഈര്‍പ്പവും മഴയും കുറഞ്ഞ വരണ്ട കാലാവസ്ഥയാണ് തണ്ണിമത്തന്‍റെ വളര്‍ച്ചയ്ക്ക് അനുയോജ്യം. കായ്‌കള്‍ ഉണ്ടാകുന്ന സമയത്തുള്ള മഴ തണ്ണിമത്തന്‍റെ ഗുണവും മധുരവും കുറയാന്‍ ഇടയാക്കും. നന്നായി വിളഞ്ഞു പഴുത്ത കായ്‌കളില്‍ നിന്നെടുത്ത വിത്ത് നടാന്‍ ഉപയോഗിക്കാം.

മണ്ണിന്‍റെ നനവനുസരിച്ച് ജലസേചനം കുറക്കാവുന്നതാണ്. മണ്ണില്‍ ഈര്‍പ്പം കൂടുന്നത് കായപൊട്ടലിനും മധുരം കുറയുന്നതിനും ഇടയാക്കും. വിളവെടുപ്പിന് 15 ദിവസം മുമ്പ് ജലസേചനം നിർത്തണം. 90-120 ദിവസങ്ങളാണ് വിളയുടെ ശരാശരി ദൈര്‍ഘ്യം. കൃത്യസമയത്തുളള വിളവെടുപ്പ് നല്ല ഗുണമേന്‍മയുളള കായ്‌കള്‍ നല്‍കും.

വിത്തുകളും തൈകളും എത്തി തുടങ്ങി : കൃഷി ഭവനുകളിൽ വിത്തുകളും തൈകളും വിതരണം ആരംഭിച്ചിട്ടുണ്ട്. തക്കാളി, മുളക്, വെണ്ട, വഴുതന തുടങ്ങിയ വിത്തുകളും എത്തിയിട്ടുണ്ട്. ശീതകാല കൃഷിക്കുള്ള വിത്തുകൾ നഴ്‌സറിവഴിയും കർമ്മ സേന വഴിയും വിതരണം ചെയ്യുന്നുണ്ടെന്ന് കൃഷി ഓഫിസർ ലിന്‍റ പറഞ്ഞു.

വിളവെടുത്ത തക്കാളിയുമായി കര്‍ഷക (ETV Bharat)

കൃഷി ഒരുക്കങ്ങൾ ആരംഭിച്ചു :മഴ മാറിയതോടെ കൃഷി ചെയ്യാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി യുവ കർഷക ശ്രീവിദ്യ പറഞ്ഞു. കഴിഞ്ഞ തവണ നല്ല വിളവ് ലഭിച്ചിരുന്നു. കാലാവസ്ഥയും അനുകൂലമായിരുന്നു. ചീരയും പാവയ്ക്കയും വെള്ളരിയും കുമ്പളവും തക്കാളിയും പയറും കാബേജും കോളിഫ്ലവറും തണ്ണിമത്തനും അടക്കം എല്ലാം കൃഷി ചെയ്യാറുണ്ട്. കൃഷി വകുപ്പ് വലിയ പിന്തുണ നൽകുണ്ട് - ശ്രീവിദ്യ പറയുന്നു.

Also Read: ഹൈറേഞ്ചിന്‍റെ കുത്തകയായ തേയിലകൃഷി ലോറേഞ്ചിലും നൂറുമേനി; ദിവാകരന്‍റെ കഠിനാധ്വാനം വെറുതെയായില്ല

ABOUT THE AUTHOR

...view details