തിരുവനന്തപുരം:വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യമെത്തിയ ചരക്ക് കപ്പൽ സാൻ ഫെർണാണ്ടോയിൽ നിന്നും ആദ്യ കണ്ടെയ്നർ യാർഡിലേക്ക് ഇറക്കി. 12:30 നാണ് കപ്പലിൽ നിന്നും ആദ്യ കണ്ടെയ്നർ തുറമുഖത്തെ യാർഡിലേക്ക് ഇറക്കിയത്. തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവൻ, വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് (വിസിൽ) എം ഡി ദിവ്യ എസ് അയ്യർ എന്നിവരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഓട്ടോമേറ്റഡ് സംവിധാനം വഴിയാണ് ആദ്യ കണ്ടെയ്നർ യാർഡിലേക്ക് ക്രെയിനുകൾ ഉപയോഗിച്ച് ഇറക്കിയത്.
ഷിപ്പ് ടു ഷോർ ക്രയിൻ ഉപയോഗിച്ചാണ് ചരക്ക് നീക്കം ആരംഭിച്ചത്. ക്രെയിൻ ഉപയോഗിച്ച് ഉയർത്തി ഇന്റർ ട്രാൻസിസ്റ്റ് വെഹിക്കിൾ മാർഗം ട്രെയിലറുകളിലേക്കാണ് ആദ്യം കണ്ടെയ്നറുകൾ എത്തിക്കുക. തുടർന്ന് നിശ്ചിത ട്രാക്കിലൂടെ ഇന്റർ ട്രാൻസിസ്റ്റ് വെഹിക്കിൾ കണ്ടെയ്നറുകൾ തുറമുഖത്തിലെ യാർഡിൽ നിശ്ചയിച്ചയിടത്തേക്ക് നീക്കും. തുറമുഖത്തിൽ സജീകരിച്ച പോർട്ട് ഓപ്പറേഷൻ മന്ദിരത്തിൽ നിന്നുമാണ് മുഴുവൻ പ്രവർത്തനങ്ങളും നിയന്ത്രിക്കുക.