തിരുവനന്തപുരം: കരമനയാറ്റിന് കുറുകെ ഒരു പാലം വേണമെന്നത് പാപ്പനംകോട് സത്യ നഗർ നിവാസികളുടെ പതിറ്റാണ്ടുകളായിട്ടുള്ള ആവശ്യമാണ്. നാട്ടുകാരുടെ നിരന്തരമായ പരാതികൾക്ക് പിന്നാലെയാണ് തിരുവനന്തപുരം മുടവൻമുഗളും-പാപ്പനംകോട് എസ്‌റ്റേറ്റ് സത്യ നഗറും തമ്മിൽ ബന്ധിപ്പിക്കുന്ന പാലമെന്ന ആവശ്യത്തിന് പരിഗണന ലഭിക്കുന്നത്. പാലം പണി തുടങ്ങി കുറച്ച് നാൾ കഴിഞ്ഞപ്പോൾ ഉപയോഗത്തിലിരുന്ന കടത്ത് തോണി അറ്റകുറ്റ പണികൾക്കായി കരയ്ക്ക് കയറ്റി. ഇതിനിടെ പാലം പണി ബഹുദൂരം മുന്നേറിയെങ്കിലും തോണി ഇപ്പോഴും കരയ്ക്ക് തന്നെ. ചുരുക്കത്തിൽ കരമനയാർ കടക്കാൻ നാട്ടുകാർക്ക് ഇപ്പോൾ പാലവുമില്ല തോണിയുമില്ല.
വർഷങ്ങളായി ഉപയോഗത്തിലുള്ള തോണിയുടെ പലകകൾ ജീർണിക്കാൻ തുടങ്ങിയതോടെയാണ് അറ്റകുറ്റ പണിക്കായി തോണി കരയ്ക്ക് കയറ്റിയതെന്ന് തോണിയുടെ ഉടമ സാബു പറയുന്നു. അച്‌ഛന്‍റെ പേരിലുണ്ടായിരുന്ന തോണി തിരുവനന്തപുരം നഗരസഭയുമായുള്ള കരാറിന്‍റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ 7 വർഷമായി ഇവിടെ ഉപയോഗിച്ചു വന്നിരുന്നത്. 17 മാസത്തെ തുകയാണ് ഇതുവരെ നഗരസഭയിൽ നിന്ന് ലഭിക്കാനുള്ളതെന്നും അറ്റകുറ്റ പണിക്കായി കൈയ്യിൽ നിന്നു പണമിറക്കി പണി ചെയ്യാനുള്ള സാമ്പത്തിക സ്ഥിതിയില്ലെന്നും സാബു പറയുന്നു.