തിരുവനന്തപുരം:ലോക്‌സഭ തെരഞ്ഞെടുപ്പിന് സംസ്ഥാന കോണ്‍ഗ്രസിനെ സജ്ജമാക്കാന്‍ ലക്ഷ്യമിട്ട് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെയും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെയും നേതൃത്വത്തില്‍ കാസര്‍കോട് നിന്ന് ആരംഭിച്ച സമരാഗ്നി ജാഥയ്‌ക്ക് നാളെ (ഫെബ്രുവരി 29) സമാപനം. സമാപനത്തിന്‍റെ ഭാഗമായി കിഴക്കേക്കോട്ട പുത്തരിക്കണ്ടം മൈതാനത്ത് സംഘടിപ്പിക്കുന്ന സമ്മേളനം തെലങ്കാനയില്‍ കോണ്‍ഗ്രസിന്‍റെ അത്ഭുത വിളക്കായി മാറിയ മുഖ്യമന്ത്രി അനുമല രേവന്ത് റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറിയും പ്രവര്‍ത്തക സമിതി അംഗവും രാജസ്ഥാന്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായിരുന്ന സച്ചിന്‍ പൈലറ്റ് യോഗത്തില്‍ മുഖ്യാതിഥിയാകും.
കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി എംപി, ജാഥ ക്യാപ്‌റ്റന്മാരായ കെ സുധാകരന്‍, വിഡി സതീശന്‍, പ്രവര്‍ത്തക സമിതി അംഗങ്ങളായ രമേശ് ചെന്നിത്തല, ശശി തരൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ബിജെപി വിജയം കൊതിക്കുന്ന തലസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പങ്കെടുപ്പിച്ച് കഴിഞ്ഞ് ദിവസം അവര്‍ സമ്മേളനം നടത്തിയതിന് തൊട്ടു പിന്നാലെ അവര്‍ക്ക് മറുപടിയെന്ന നിലയിലാണ് തൊട്ടടുത്തതിന്‍റെ രണ്ടാം ദിനം കോണ്‍ഗ്രസും തലസ്ഥാന നഗരിയില്‍ സമ്മേളനം നടത്തുന്നത്.
ബിജെപിക്കുള്ള മറുപടി എന്നതിന് അപ്പുറം തലസ്ഥാനത്തെ കോണ്‍ഗ്രസിന്‍റെ ശക്തിപ്രകടനം കൂടിയായി ഇതു മാറും. ഫെബ്രുവരി 9നാണ് സംസ്ഥാനത്തെ 140 നിയമസഭ മണ്ഡലങ്ങളും ഉള്‍പ്പെടുത്തിയുള്ള സമരാഗ്നി എന്ന പര്യടന പരിപാടി കാസര്‍കോട് നിന്ന് കെപിസിസി ആരംഭിച്ചത്. ഇടയ്ക്ക് ചില കല്ലുകടികളുണ്ടായെങ്കിലും നിയമസഭ നിയോജക മണ്ഡലങ്ങളിലെ കോണ്‍ഗ്രസിന്‍റെ ശക്തി വിളിച്ചോതുന്ന സമ്മേളനങ്ങളായി ഇതിനെ മാറ്റിയതിന്‍റെ ആത്മവിശ്വാസം കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്. മാത്രമല്ല, പൊതുയോഗങ്ങളില്‍ പരമാവധി ഘടകക്ഷി നേതാക്കളെ കൂടി പങ്കെടുപ്പിച്ച് തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കാനുള്ള ശ്രമവും കോണ്‍ഗ്രസ് നേതൃത്വത്തില്‍ നിന്നുണ്ടായെന്നതും ശ്രദ്ധേയമാണ്.