എറണാകുളം :പെരിയാറിലെ മത്സ്യക്കുരുതിയിൽ പ്രതിഷേധം വ്യാപകമാകുന്നു. ഏലൂരിലെ പൊല്യൂഷൻ കൺട്രോൾ ബോർഡ് ഓഫീസിലേക്ക് കോൺഗ്രസ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ഡിസിസി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസിൻ്റെ നേതൃത്വത്തില്‍ എൻവിയോൺമെൻ്റ് എഞ്ചിനീയറെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. ഉദ്യോഗസ്ഥ ഭരണ കൂട്ടുകെട്ട് മലിനീകരണത്തിന് കാരണമാകുന്ന വ്യവസായ സ്ഥാപനങ്ങളെ സഹായിക്കുകയാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
മത്സ്യക്കുരുതിമൂലം ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായതായാണ് മത്സ്യ കർഷകർ വ്യക്തമാക്കുന്നത്. മത്സ്യ കർഷകരും പൊല്യൂഷൻ കൺട്രോൾ ബോർഡ് ഓഫീസിലേക്ക് പ്രതിഷേധം സംഘടിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ്. പുഴയിലേക്ക് എത്തുന്ന രാസമാലിന്യങ്ങൾ മത്സ്യസമ്പത്ത് ഗണ്യമായി കുറയ്ക്കുന്നതിനും കാരണമായിട്ടുണ്ട്. ഇത് മത്സ്യമേഖലയെ ആശ്രയിക്കുന്ന നൂറുകണക്കിന് തൊഴിലാളികളുടെ ഉപജീവനത്തെ പ്രതികൂലമായാണ് ബാധിക്കുന്നത്. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യർക്ക് കുടിവെള്ളം ലഭിക്കുന്നത് പെരിയാറിൽ നിന്നാണ്. പെരിയാറിലെ വെള്ളത്തിൽ ഒഴുകിയെത്തുന്ന വിഷാംശത്തിന്‍റെ അളവ് കൂടുന്നത് ശുദ്ധീകരിച്ച് പമ്പു ചെയ്യുന്ന കുടിവെള്ളത്തെ ഏതെങ്കിലും തരത്തിൽ ബാധിക്കുമോയെന്ന ആശങ്കയും ജനങ്ങൾക്കുണ്ട്.
തിങ്കളാഴ്‌ച രാത്രി മുതലാണ് പെരിയാറിലെ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങാന്‍ തുടങ്ങിയത്. കരിമീൻ, ചെമ്മീൻ, ചെമ്പല്ലി, ചെറുമീനുകൾ ഉൾപ്പടെയുള്ള മത്സ്യങ്ങളാണ് ചത്ത് കരയ്ക്കടിഞ്ഞത്. മുൻവർഷങ്ങളിലും പെരിയാറിൽ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങിയ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പുഴയിൽ കൂട് മത്സ്യകൃഷി ചെയ്യുന്ന കർഷകരുടെ മത്സ്യങ്ങളും കൂട്ടത്തോടെ ചത്തുപൊങ്ങിയത് ലക്ഷങ്ങളുടെ നഷ്ടമാണുണ്ടാക്കിയത്.