ഇടുക്കി: നേര്യമംഗലത്ത് കാട്ടാന ആക്രമത്തിൽ വയോധിക മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച (Neriamangalam Congress protest) നേതാക്കൾക്കെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. കട്ടപ്പന മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടന്നത് (Congress protest in Kattappana). പ്രതിഷേധത്തിൽ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍റെ കോലം കത്തിച്ചു.
കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച യുഡിഎഫ് നേതാക്കൾക്കെതിരെയും ഡീൻ കുര്യാക്കോസ് എംപിക്കെതിരെയുമുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചാണ് പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തിയത്. കട്ടപ്പന ടി ബി ജംഗ്ഷനിൽ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. ടൗൺ ചുറ്റി പ്രകടനം ഗാന്ധി സ്ക്വയറിലാണ് സമാപിച്ചത്. വന്യമൃഗ അക്രമത്തിൽ ഓരോ ദിവസവും മനുഷ്യ ജീവൻ പൊലിയുമ്പോൾ വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നോക്കുകുത്തിയായി മാറിയെന്നാരോപിച്ചാണ് കോലം കത്തിച്ചത്.
എ.ഐ.സി.സി അംഗം ഇ. എം ആഗസ്‌തി പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്‌തു. സമരത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് സിജു ചക്കും മൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡിസിസി പ്രസിഡന്‍റ് ജോയി തോമസ്, കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് പ്രസിഡന്‍റ് തോമസ് മൈക്കിൾ തുടങ്ങിയവർ സംസാരിച്ചു. നിരവധി കോൺഗ്രസ് പ്രവർത്തകരാണ് പരിപാടിയുടെ ഭാഗമായത്.