തിരുവനന്തപുരം :ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിൻ്റെ ആദ്യഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും.വടകരയിലെ സിറ്റിങ് എംപി കെ മുരളീധരൻ തൃശൂരിൽ മത്സരിക്കും. പകരം ഷാഫി പറമ്പിലാകും വടകരയില്‍ മത്സരത്തിനിറങ്ങുക. ആലപ്പുഴയിൽ കെ സി വേണുഗോപാൽ മത്സരിക്കും. ബാക്കി സീറ്റുകളിൽ സിറ്റിങ് എംപിമാരെ മത്സരിപ്പിക്കാനും ധാരണയായി. പുതുമയില്ലാത്ത ഒരു പട്ടിക പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ഗുണം ചെയ്യില്ലെന്ന നേതൃത്വത്തിന്‍റെ ചിന്തയാണ് സർപ്രൈസ് സ്ഥാനാർഥിത്വത്തിന് കാരണമായത്.
പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് കെ മുരളീധരനെ തൃശൂരിലേക്ക് നിർദേശിച്ചത്. നിലവില്‍ ടി എൻ പ്രതാപന് സീറ്റുകളൊന്നും നല്‍കിയിട്ടില്ല. എന്നാല്‍ 2026ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ പരിഗണിക്കാമെന്നാണ് ധാരണ.
മുന്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന്‍റെ മകള്‍ പത്മജ വേണുഗോപാൽ പാർട്ടിക്കുണ്ടാക്കിയ ക്ഷീണം കെ മുരളീധരനെ മുന്നിൽ നിർത്തി കരുണാകരന്‍റെ തട്ടകത്തിൽ പരിഹരിക്കുകയാണ് കോൺഗ്രസ് ലക്ഷ്യം. ബിജെപി പ്രതീക്ഷയർപ്പിക്കുന്ന തൃശൂർ മണ്ഡലത്തിൽ നേരിട്ടുള്ള മത്സരത്തിന് മുരളീധരനെത്തും. നേമത്തെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിക്കുന്നതിൽ നിർണായക പങ്കുവഹിച്ച കെ മുരളീധരന്‍റെ സ്ഥാനാർഥിത്വം തൃശൂരിലും ബിജെപി വിരുദ്ധ രാഷ്ട്രീയത്തിന് കോൺഗ്രസിന് ശക്തി പകരുമെന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ.