കുന്ദമംഗലം മണ്ഡലത്തിൽ വോട്ട് മാറി ചെയ്‌തതായി പരാതി കോഴിക്കോട് :കുന്ദമംഗലം മണ്ഡലത്തിൽ വോട്ട് മാറ്റി ചെയ്‌തതായി പരാതി. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ പെരുവയലിലാണ് ഒരാളുടെ വോട്ട് അതേ പേരുള്ള മറ്റൊരു വോട്ടര്‍ മാറ്റി ചെയ്‌തതായി പരാതി ഉയർന്നത്. പെരുവയൽ പഞ്ചായത്തിലെ സെന്‍റ് സേവിയോ യുപി സ്‌കൂളിലെ 84-ാം നമ്പർ ബൂത്തിലെ വോട്ടർ ആയ പായംപുറത്ത് ജാനകിയമ്മ (91)യുടെ വോട്ടാണ് തൊട്ടടുത്ത് തന്നെയുള്ള മറ്റൊരു ജാനകിയമ്മ മാറി ചെയ്‌തത്.
വോട്ടേഴ്‌സ് ലിസ്‌റ്റിലുള്ള കൊടശ്ശേരി ജാനകി അമ്മ(80)യാണ് വോട്ട് മാറി ചെയ്‌തത്. ഇതോടെ കൊടശ്ശേരി ജാനകി അമ്മയ്ക്ക് ഇനി ബൂത്തിലെത്തിയും വോട്ട് ചെയ്യാനാകും. തെരഞ്ഞെടുപ്പ് ചുമതലയുള്ള ബിഎൽഒക്ക് ഇരുവരെയും കൃത്യമായി അറിയാമെങ്കിലും അത് മറച്ചു വച്ച് വോട്ട് ചെയ്യിക്കുകയായിരുന്നു എന്നാണ് പായം പുറത്ത് ജാനകിയമ്മയുടെ വീട്ടുകാരുടെ പരാതി. വെള്ളിയാഴ്‌ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം നടന്നത്.
ഒരു പൊലീസ് ഉദ്യോഗസ്ഥനും മൂന്ന് തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരും ബിഎൽഒയും ബിഎൽഎയുമാണ് വോട്ട് ചെയ്യിക്കാൻ കൊടശ്ശേരി ജാനകി അമ്മയുടെ വീട്ടിലെത്തിയത്. തെരഞ്ഞെടുപ്പ് ക്രമീകരണങ്ങൾ നടന്ന ഉടൻ തന്നെ പേര് മാറിയാണ് ചെയ്യുന്നതെന്ന കാര്യം ഉദ്യോഗസ്ഥർക്ക് മുന്നിൽ ബിഎൽഎ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാൽ അതൊന്നും ചെവി കൊള്ളാതെയാണ് ബിഎൽഒ മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ വോട്ട് ചെയ്യിച്ചത് എന്നാണ് പരാതി.
ഇതിനെ തുടർന്ന് ജില്ല കലക്‌ടർക്കും തെരഞ്ഞെടുപ്പ് കമ്മിഷനും നേരിട്ട് പരാതി കൊടുക്കാനാണ് ബന്ധുക്കളുടെ തീരുമാനം. ഇത്രയും കാലം വോട്ട് ചെയ്‌ത തനിക്ക് 91-ാം വയസിൽ ഇങ്ങനെയൊരു ദുരനുഭവം ഉണ്ടായത് വലിയ മനപ്രയാസം ഉണ്ടാക്കിയതായി
പായംപുറത്ത് ജാനകി അമ്മ പറഞ്ഞു.
Also Read :മാറ്റത്തിന്‍റെ കാറ്റ് വീശുമോ പാലക്കാട്ട്?; പ്രചാരണം അവസാന ലാപ്പില്‍ എത്തിനില്‍ക്കുന്ന മണ്ഡലത്തിലെ സ്ഥിതി പരിശോധിക്കാം - Palakkad Lok Sabha Constituency